ജവഹര്‍നഗര്‍ വസ്തുതട്ടിപ്പ് : അനന്തപുരി മണികണ്ഠന്റെ വീട്ടില്‍ പരിശോധന നടത്തി
1577704
Monday, July 21, 2025 7:07 AM IST
പേരൂര്‍ക്കട: ജവഹര്‍നഗറിലെ വീടും വസ്തുവും തട്ടിയ സംഭവത്തില്‍ നിലവിലെ പ്രധാന കണ്ണിയായ അനന്തപുരി മണികണ്ഠന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. കിള്ളിപ്പാലം പുത്തന്‍കോട്ടയിലെ വാടകവീട്ടിലാണു മ്യൂസിയം പോലീസ് പരിശോധന നടത്തിയത്.
വിവിധ സ്ഥലങ്ങളില്‍ മണികണ്ഠന് വസ്തു വാങ്ങിയിട്ടുണ്ടെന്നും പണി നടന്നുവരുന്നുണ്ടെന്നുമാണ് സൂചന. പോലീസ് പരിശോധനയ്ക്കെത്തുമ്പോള്‍ ഭാര്യയും മണികണ്ഠൻഖെ മാതാപിതാക്കളുമാണ് ഇവിടെയുണ്ടായിരുന്നത്.
മണികണ്ഠന് ഇത്തരമൊരു ഗൂഢാലോചന നടത്തിയിട്ടില്ലെന്നും തെറ്റുകാരനല്ലെന്നുമായിരുന്നു മാതാപിതാക്കള്‍ക്കു പറയാനുണ്ടായിരുന്നത്. അതിനിടെ വസ്തുവിന്റെ ഒറിജിനല്‍ പ്രമാണം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്ന ചന്ദ്രസേനന്റെ മരുമകന് അനില്‍ തമ്പി സമയപരിധി കഴിഞ്ഞിട്ടും മ്യൂസിയം പോലീസുമായി സഹകരിച്ചിട്ടില്ല.
വസ്തുവിന്റെ ഒറിജിനല്‍ പ്രമാണം തന്റെ പക്കല്‍ ഇല്ലെന്നാണ് ഇയാളുടെ പുതിയ വാദഗതി. അനന്തപുരി മണികണ്ഠന്റെ ജാമ്യാപേക്ഷ വഞ്ചിയൂര്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധനയ്ക്ക് എത്തിയത്. അതിനിടെ മണികണ്ഠന് ഒരു ലക്ഷ്വറി കാര്‍ വാങ്ങിയതായി സൂചനയുണ്ട്.
വസ്തു ഇടപാടിലൂടെ ലഭിച്ചപണമാണോ ഇതിന് ഉപയോഗിച്ചിരിക്കുന്നതെന്ന പോലീസിന്റെ സംശയം ബലപ്പെടുത്തുന്ന ഒന്നാണ് ഇത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന ഡോറ അസറിയ ക്രിപ്സിന്റെ ജവഹര്‍ നഗറിലെ വസ്തു അവരറിയാതെ തട്ടിയെടുത്തതിലെ പ്രധാന കണ്ണിയാണ് മണികണ്ഠന്.
കെയര്‍ ടേക്കര്‍ വസ്തുവിന്റെ കരമടയ്ക്കാന്‍ എത്തിയപ്പോഴാണ് കരമൊടുക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതോടെയാണ് വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആരംഭിക്കുന്നത്.