മഴവെള്ളം നിറഞ്ഞ ഓടയിൽവീണു ബൈക്ക് യാത്രികർക്കു പരിക്ക്
1577708
Monday, July 21, 2025 7:07 AM IST
വെള്ളറട : വെള്ളറട ജംഗ്ഷനില്‍ വെള്ളം വാര്‍ന്നു പോകാന്‍ കഴിയാതെ ഓടകള്‍ നിറഞ്ഞതോടെ ആഴമറിയാതെ ബൈക്ക് യാത്രികര്‍ ഓടയില്‍ വീണ് രണ്ടുപേര്‍ക്കു പരിക്കേറ്റു.
കാറ്റാടി ആറടിക്കര വീട്ടില്‍ ജയരാജ് (28), സുനില്‍ (41)നു മാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ മുതല്‍ തിമിര്‍ത്തു പെയ്യുന്ന മഴയില്‍ വെള്ളം വാര്‍ന്നു പോകാന്‍ കഴിയാതെ വെള്ളറട ജംഗ്ഷനില്‍ ഓട നിറയെ മലിനജലം കെട്ടിനില്‍ക്കുകയായിരുന്നു. ഊരാളുങ്കൽ സൊസൈറ്റിയാണ് വെള്ളറട കാരക്കോണം റോഡിന്റെ പണി പൂര്‍ത്തിയാക്കിയത്. എന്നാല്‍ പല നിയമപ്രശ്നങ്ങളിലും കുടുങ്ങി വെള്ളറട ടൗണില്‍ വികസനം നടക്കുന്നില്ല.
തുടര്‍ന്ന് സമീപത്തെ ഹോട്ടലില്‍ നിന്നുള്ള മാലിന്യവും ഇന്നലെ പെയ്ത മഴവെള്ളവും കൂടെ ചേര്‍ന്നു ടൗണില്‍ വെള്ളം പരിധിയിലധികം ഉയര്‍ന്നതാണു ബൈക്ക് യാത്രികരെ വീഴ്ത്തിയത്. മലിന ജലം കെട്ടിനില്‍ക്കുന്ന സ്ഥലം റോഡ് ആണെന്നു കരുതി ബൈക്ക് ഓടിച്ചിറക്കിയത് ഓടയിലേക്ക് ആയിരുന്നു. പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി.
ആഴമറിയാതെ റോഡു വക്കിലെ വെള്ളത്തില്‍ കാലു വയ്ക്കുന്നവരെല്ലാം ഓടയില്‍വീണ് പരിക്കേല്‍ക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. എത്രയും പെട്ടെന്ന് ഓട നിര്‍മാണം പൂര്‍ത്തിയാക്കുകയും സ്ലാബുകള്‍ തകര്‍ന്നു കിടക്കുന്ന ഭാഗത്ത് പുതിയ സ്ലാബുകള്‍ ഇട്ട് അപകടരഹിതമാക്കി മാറ്റണമെന്നുമാണ് ആവ ശ്യം. യാത്രക്കാര്‍ക്കും സമീപത്തെ കടകളിലെ ആളുകള്‍ക്കും കടകളില്‍ കയറാന്‍ കഴിയാത്ത സാഹചര്യമാണ്.