തീരദേശം കേന്ദ്രീകരിച്ച് വിലസുന്ന വീസാ തട്ടിപ്പുകാരുടെ ഇരയായി ബൻസിഗർ.!
1577705
Monday, July 21, 2025 7:07 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: തീരദേശം കേന്ദ്രീകരിച്ച് വിലസുന്ന വീസാ തട്ടിപ്പുകാരുടെ ഇരയായി ബൻസിഗർ. ഇടനിലക്കാരനായിനിന്നു വാങ്ങി നൽകിയ പണം കൈപ്പറ്റിയവർ തിരികെ നൽകാതായ പ്പോൾ പിടിച്ചു നിൽക്കാനാകാതെ സ്വന്തം വള്ളത്തിൽ ഉൾക്കടലിൽ പോയി ജീവനൊടുക്കി. കടക്കാരുടെ മുന്നിൽ പിടിച്ച് നിൽക്കാനാകില്ലെന്ന നിസഹായാ വസ്ഥ വിവരിച്ചു ഭാര്യക്കും ബന്ധുക്കൾക്കും വീഡിയോ കോൾ ചെയ്തശേഷമാണ് ബ ൻ സിഗർ ജീവനൊടുക്കിയത്.
പൂവാർ പള്ളം പുരയിടത്തിൽനിന്ന് വിഴിഞ്ഞം കോട്ടപ്പുറം തെന്നൂർക്കോണം കുഴിവിളയിൽ താമസമാക്കിയ മത്സ്യത്തൊഴിലാളിയായ ബൻസിഗറി (39) ന്റെ മരണമാണു വീട്ടുകാർക്കും ബന്ധുക്കൾക്കും തീരാനഷ്ടമായത്. ""എല്ലാം കൈവിട്ടു പോയി, പണം വാങ്ങിയ എല്ലാവരോടും കള്ളം പറഞ്ഞു മടുത്തു. എനിക്ക് എല്ലാം മതിയായി, മരിക്കാനും മടിയാണ്. മരിക്കാതിരിക്കാനും വയ്യ.
വീസക്കു പണം തന്നവരെ പറഞ്ഞു സമാധാനിപ്പിക്കുന്നതിനും പരിധിയില്ലേ. ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല..'' എന്നിങ്ങനെ വീസ തട്ടിപ്പുകാരുടെ പിടിയിൽപെട്ടതിന്റെ നിരാശയും നിസാഹായവസ്ഥയും കടലിൽനിന്നു വള്ളത്തിലിരുന്നു ഭാര്യയെ ലൈവ് വീഡിയോ കോളിലൂടെ അറിയിച്ച ശേഷം എല്ലാം അവസാനിപ്പിച്ചു. അഞ്ചാം നാൾ തമിഴ്നാട് അതിർത്തിയിൽ പൊങ്ങിയ മൃതദേഹത്തിൽ കണ്ട ദൂരൂഹത തേടിയുള്ള തീരദേശ പോലീസിന്റെ അന്വേഷണത്തിലാണു വ്യത്യസ്തമായ ജീവത്യാഗത്തിന്റെ ചുരുളഴിയുന്നത്.
നീന്താനറിയാവുന്ന ബൻസിഗർ ജീവിതത്തിലേക്കു ഇനി തിരിച്ചു വരവുണ്ടാകരുതെന്ന കണക്കു കൂട്ടലിലായിരുന്നു എല്ലാം പ്ലാൻ ചെയ്തത്. അഞ്ചു ലിറ്റർ വീതം കൊള്ളുന്ന മൂന്നു കറുത്ത കന്നാസുകളിൽ മണൽ നിറച്ചു. കൈയിൽ നായ്കളെ കെട്ടുന്ന തരത്തിലുള്ള ചങ്ങലയും കരുതി. ഇക്കഴിഞ്ഞ 11നു വൈകുന്നേരം മൂന്നരക്ക് വിഴിഞ്ഞം തുറമുഖത്തുനിന്നു വളളം തുഴഞ്ഞ് ഉൾക്കടലിലേക്ക് തിരിച്ചു.
മണൽനിറച്ച കന്നാസുകൾ ചങ്ങല കൊണ്ട് കോർത്ത് കാലിൽ ബന്ധിച്ചു പൂട്ട് കൊണ്ട് പൂട്ടി താക്കോൽ വള്ളത്തിൽ ഉപേക്ഷിച്ചു. കണ്ണുകൾ രണ്ടും തോർത്ത് കൊണ്ടു മറച്ചശേഷം കടലിലേക്ക് എടുത്തുചാടി. കാലിൽ കെട്ടിയ ഭാരം കാരണം ഉയർന്നു വരാനുമായില്ല.
ശക്തമായ കടൽക്ഷോഭമുള്ള സമയത്ത് ആളില്ലാതെ ഒരു വള്ളം അനാഥമായി കിടക്കുന്നതു കണ്ട മറ്റു മത്സ്യത്തൊഴിലാളികളാണു വിവരം തീരദേശ പോലീസിനു കൈമാറിയത്. അധികൃതർ നടത്തിയ പരിശോധനയിൽക്കണ്ട ആധാർ കാർഡും ഫോണും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണു വള്ളം ബൻസിഗറിന്റേതെന്നു തെളിഞ്ഞത്. കാര്യങ്ങൾ അറിഞ്ഞതോടെ വീട്ടുകാർ ആത്മഹത്യ ഉറപ്പിച്ചു.
തീരദേശ പോലീസിന്റെയും മറൈൻ എൻ ഫോഴ്സ്മെന്റിന്റെയും സ്കൂബാ സംഘങ്ങളുടെയും നിരന്തരമായ തെരച്ചിൽ നടക്കുന്നതിനിടയിലാണ് മൃതദേശം കണ്ടെത്തിയത്. തുടർന്നു കേസെടുത്ത തീരദേശ പോലീസ് നടത്തിയ മൊഴിയെടുക്കലിലാണ് വിസാ തട്ടിപ്പാണു പിന്നിലെന്ന വിവരം ബന്ധുക്കൾ അറിയിക്കുന്നത്. തൊഴിലെടുക്കാൻ വിദേശത്തുകൊണ്ടുപോകാമെന്ന മോഹന വാഗ്ദാനം നൽകി മത്സ്യത്തൊഴിലാളികളെ വലയിലാക്കി പണം തട്ടുന്ന വൻ സംഘം തിരദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഇറ്റലി, കാനഡ, ജപ്പാൻ, ഇസ്രായേൽ, ബ്രിട്ടൺ എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ പോകാൻ സ്വപ്നം കാണുന്ന യുവാക്കളെ വലയിലാക്കുന്ന സംഘം വീസക്കും മറ്റുമായി അഡ്വാൻസ് എന്ന പേരിൽ പലപ്പോഴായി വൻ തുകകൾ കൈക്കലാക്കും. തുടർന്ന് എവിടെയെങ്കിലുംപ്രവർത്തിക്കുന്ന ഒരു തട്ടിക്കൂട്ട് ഓഫീസിന്റെ മേൽവിലാസവും നൽകി ആൾക്കാരെ വിശ്വാസത്തിലെടുക്കും.
പണം കൈപ്പറ്റലും മറ്റുമെല്ലാം രഹസ്യമാക്കുന്നതിനാൽ പലരും തട്ടിപ്പ് മനസിലാക്കുന്നത് വൈകിയായിരിക്കും. പലരിൽ നിന്നായി വൻ തുകകൾ കൈക്കലാക്കുന്ന സംഘം ദിവസങ്ങൾക്കുള്ളിൽ ഓഫീസുകൾ പൂട്ടി മുങ്ങുന്നതോടെ പെട്ടു പോകുന്നത് ഇടനിലക്കാരാണ്. പണം നൽകിവരോട് അവധി പറഞ്ഞ് മടുത്ത ചിലർ നാടുവിട്ടതായും അറിയുന്നു.