അഭയകേന്ദ്രത്തില്‍നിന്നു നാലുപേര്‍ രക്ഷപ്പെട്ടു; മൂന്നുപേരെ പോലീസ് കണ്ടെത്തി
1577703
Monday, July 21, 2025 7:07 AM IST
പേരൂര്‍ക്കട: അഭയകേന്ദ്രത്തില്‍ നിന്നു നാലുപേര്‍ രഹസ്യമായി രക്ഷപ്പെട്ടു. മൂന്നുപേരെ പോലീസ് കണ്ടെത്തി തിരികെക്കൊണ്ടുവന്നു. ഞായറാഴ്ച രാവിലെ ആറോടെയാണ് തമ്പാനൂരിലെ ഡോണ്‍ ബോസ്കോ നിവാസ് എന്ന കുട്ടികളുടെ അഭയകേന്ദ്രത്തില്‍ നിന്നു നാല് ആൺകുട്ടികളെ കാണാതായത്.
13 മുതല്‍ 15 വയസുവരെ വിവിധ പ്രായത്തിലുള്ള നാലുപേരാണ് അഭയകേന്ദ്രത്തില്‍നിന്ന് ഒന്നിച്ചു പുറത്തുപോയത്. കേന്ദ്രത്തിന്റെ ഗേറ്റ് പൂട്ടിട്ടു പൂട്ടിയ നിലയിലായിരുന്നു. ഇത് താക്കോല്‍ ഉപയോഗിച്ച് തുറന്നശേഷമായിരുന്നു നാല്‍വര്‍ സംഘം രക്ഷപ്പെട്ടത്.
തമ്പാനൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരെ ശാസ്തമംഗലം ഭാഗത്തുനിന്നും ഒരാളെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നുമാണ് കണ്ടെത്താനായത്. നാലാമനെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നു തമ്പാനൂര്‍ എസ്.ഐ ബിനു മോഹന്‍ അറിയിച്ചു.