വീണ്ടും അപകട ഭീഷണി നേരിടുന്നതായി പരാതി : തിരുവല്ലം പാച്ചല്ലൂരില്‍ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ മാറ്റാതെ അധികൃതര്‍
1577714
Monday, July 21, 2025 7:17 AM IST
തിരുവല്ലം: പാച്ചല്ലൂരിനു സമീപം പാറവിളയില്‍ ആഴ്ചകള്‍ക്ക് മുമ്പ് അപകടത്തില്‍പ്പെട്ട കാറും ഒമിനി വാനും അപകട മേഖലയായ കൊടുംവളവില്‍ നിന്നും മാറ്റുന്നില്ലെന്ന് പരാതി.
ഇക്കഴിഞ്ഞ ഒമ്പതിന് പൊതുപണിമുടക്ക് ദിവസം പുലര്‍ച്ചെ 2.30 ഓടുകൂടിയാണ് മാരുതി ബൊലേനോ കാറും മാരുതി ഒമിനി വാനും കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ടു വാഹനങ്ങള്‍ സംഭവസ്ഥലത്തുനിന്നും മാറ്റാത്തതില്‍ നാട്ടുകാര്‍ക്കിടയിലും വാഹന യാത്രികര്‍ക്കിടയിലും പ്രതിഷേധം ശക്തമായിരി ക്കുകയാണ്.
അപകട മേഖലയിലെ കൊടും വളവില്‍ റോഡിനു വശത്തായി വാഹനങ്ങള്‍ കിടക്കുന്നത് ഏതു സമയത്തും വന്‍ അപകടം വരുത്തിവയ്ക്കും എന്നാണ് പരാതി ഉയരുന്നത്. തിരുവല്ലം പോലീസ് സംഭവ സമയം സ്ഥലത്തെത്തി പോയതല്ലാതെ വാഹനം മാറ്റുന്ന കാര്യത്തില്‍ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പറയുന്നു.
ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് ഇനിയൊരപകടം സംഭവിക്കുന്നതിനു മുമ്പ് തന്നെ വാഹനങ്ങള്‍ തിരക്കേറിയ റോഡിനു വശത്തുനിന്നും എത്രയും വേഗം മാറ്റണമെന്നാണ് പൊതുജനങ്ങളുടെയും ആവശ്യം.