എല്ലാ വിദ്യാഭ്യാസ ജില്ലകളിലും സ്ട്രീം ശില്പശാലകൾ: മന്ത്രി
1577709
Monday, July 21, 2025 7:07 AM IST
നേമം: സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലും വിദ്യാർഥികൾക്കായി സ്ട്രീം അധിഷ്ഠിത ശില്പശാലകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (എസ്ഐഇടി) സംഘടിപ്പിച്ച നവസാങ്കേതികവിദ്യാ ശില്പശാലയുടെ സമാപന സമ്മേളനം തിരുവനന്തപുരം മൺവിളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സയൻസ് , ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ് എന്നിവ ഉൾപ്പെടുന്നതാണ് സ്റ്റം. ഇതോടൊപ്പം റോബോട്ടിക്സും ആർട്സും ചേർത്ത് സ്ട്രീം ആക്കി സംസ്ഥാന വ്യാപകമായി എസ്ഐഇടി നടപ്പാക്കും- മന്ത്രി പറഞ്ഞു.
തിരുവനന്തപുരം പൂവത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ആർ.എസ്. നന്ദന സ്വാഗതം പറഞ്ഞു. എറണാകുളം കടയിരിപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അനസൂയ അനിൽ അധ്യക്ഷത വഹിച്ചു. വയനാട് പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ് വിദ്യാർഥി ഉജ്വൽ കൃഷ്ണ നന്ദി പറഞ്ഞു. കോട്ടയം സെന്റ് ആൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഗായത്രി നായർ പരിപാടികൾ ഏകോപിപ്പിച്ചു.
എസ്ഐഇടി ഡയറക്ടർ ബി. അബുരാജ്, എസിഎസ്ടിഐ ഡയറക്ടർ കെ.സി. സഹദേവൻ, എസ്ഐഇടി അക്കാദമിക് കോ-ഓർഡിനേറ്റർ സുരേഷ് ബാബു, പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്.എൻ. സമിത തുടങ്ങിയവർ പ്രസംഗിച്ചു.