വെള്ളനാട് പഞ്ചായത്തിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷം
1577328
Sunday, July 20, 2025 6:39 AM IST
നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്തിലെ കുളക്കോട്, ആറ്റുകാൽ, വെളിയന്നൂർ, ചാങ്ങ, കിടങ്ങുമ്മൽ, കണ്ണമ്പള്ളി, ആശാരിമൂല, വെള്ളൂർക്കോണം തുടങ്ങിയ ഗ്രാമീണമേഖലകളിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായി. പന്നികളുടെ ആക്രമണം ഭയന്നു നാട്ടുകാർക്കു വീടിനു പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണ് പലയിടത്തും.
പകൽ സമയത്തു പോലും പന്നികൾ കൂട്ടമായി റോഡിലിറങ്ങുകയാണ്. വെളിയന്നൂർ സ്വദേശികളായ പ്ലാവിള തടത്തരികത്ത് വീട്ടിൽ സോമൻ (58), ഇദ്ദേഹത്തിന്റെ സമീപവാസിയായ പ്ലാവിള സായൂജ്യത്തിൽ പ്രസന്നൻ (47) എന്നിവരെ ഈയിടെ കാട്ടുപന്നികൾ ഗുരുതരമായി ആക്രമിച്ചിരുന്നു. പന്നികളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിലെ കുട്ടികൾക്ക് ഒറ്റയ്ക്ക് സ്കൂളിൽ പോകാൻപോലും ഭയമായി തീർന്നിരിക്കുകയാണ്.
കൂട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങുന്ന പന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവ്. ആഴ്ചകൾക്കുമുമ്പ് ആശാരിമൂല, വെള്ളൂർക്കോണം പ്രദേശങ്ങളിലെ കർഷകരുടെ രണ്ടരയേക്കറോളം വരുന്ന വാഴ, മരച്ചീനി, ചേമ്പ്, ചേന, തെങ്ങിൻ തൈകൾ തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചിരുന്നു. പന്നികളുടെ ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ.
കാടുപിടിച്ചു കിടക്കുന്ന പറമ്പുകളിലും ചതുപ്പുകളിലും കുന്നിൻചരിവുകളിലും താവളമുറപ്പിച്ചിരിക്കുന്ന കാട്ടുപന്നികൾ നാട്ടുകാർക്കും ഭീഷണിയായി തീർന്നിട്ട് കാലമേറെയായി. നാട്ടുകാർ വനംവകുപ്പ് അധികൃതരോടു പരാതി പറയുമ്പോൾ പഞ്ചായത്ത് അധികൃതർക്കു പരാതി നൽകാനാണു നിർദേശിക്കുന്നത്.