"തൊഴിലാണ് എന്റെ ലഹരി' പദ്ധതി കാപ്പുകാട്ട് ആരംഭിച്ചു
1577707
Monday, July 21, 2025 7:07 AM IST
കോട്ടൂർ: തൊഴിലാണ് എന്റെ ലഹരി പദ്ധതിക്ക് കാപ്പുകാട്ട് തുടക്കമായി. എക്സെസ്, വനം വകുപ്പുകളുടെയും എക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെയും, സംയുക്താഭിമുഖ്യത്തിൽ വിമുക്തി മിഷന്റെ സഹകരണത്തോടെ കോട്ടൂരിലെ 27 ഓളം സെറ്റിൽമെന്റുകളിലുള്ള യുവതയ്ക്കായാണു സൗജന്യ പിഎസ്സി കോച്ചിംഗ് സെന്റർ ആരംഭിച്ചത്.
കോട്ടൂർ ഫോറസ്റ്റ് ഓഫീസിൽ നടന്ന യോഗത്തിൽ കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ അധ്യക്ഷനായി. ജി.സ്റ്റീഫൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് സർക്കിൾ, കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശ്യാം മോഹൻലാൽ മുഖ്യ പ്രഭാഷണം നടത്തി. പിഎസ്സി ക്ലാസിന് ആവശ്യമായ വൈറ്റ്ബോർഡ് ലയൺസ് ക്ലബ് പ്രസിഡന്റ് പി. ജയരാമൻ നായർ, എംഎൽഎയ്ക്ക് കൈമാറി.
വിമുക്തി മാനേജർ എസ്.കെ. സന്തോഷ്കുമാർ, ജില്ലാ വിമുക്തി മിഷൻ കോ-ഓർഡിനേറ്റർ വിഘ്നേഷ് വിശ്വനാഥ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.എൽ. ഷിബു, ശ്രീദേവി സുരേഷ്, ജി.ആർ. അനീഷ്, പ്രദീപ് കുമാർ, യു.എസ്. അനീസ്, ആർ.ജി. രാജേഷ്, സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം. വിശാഖ് തുടങ്ങിയവർ സംസാരിച്ചു.
ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.എസ്. ബിനു നന്ദി പറഞ്ഞു.