താമരശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍
1297148
Wednesday, May 24, 2023 11:59 PM IST
താമരശേരി: താമരശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാരക ലഹരി മരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍.
താമരശേരി സ്വദേശിയായ അമ്പായതോട് ഷാനിദ് മന്‍സില്‍ നംഷിദ് (36) നെയാണ് കോഴിക്കോട് റൂറല്‍ എസ്പി ആര്. കറപ്പസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എസ്. ഷാജി, താമരശേരി ഡിവൈഎസ്പി പി. അബ്ദുല്‍ മുനീര്‍ എന്നിവരുടെ മേല്‍നോട്ടത്തിലുള്ള സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.
ഇയാളില്‍ നിന്ന് 12ഗ്രാം എംഎഡിഎംഎയും ഒന്നര കിലോ കഞ്ചാവും പിടിച്ചെടുത്തു. കെഎല്‍ 58 ഡി 5461 നമ്പര്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍, ഇലക്ട്രോണിക് ത്രാസ് എന്നിവയും കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തിച്ചു കോഴിക്കോട് വയനാട് ജില്ലകളില്‍ വില്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
2022 ഡിസംബറില്‍ ഇയാളെ ഏഴ് ഗ്രാം എംഡിഎംഎയുമായി താമരശേരിയില്‍ നിന്ന് പോലീസ് പിടികൂടിയിരുന്നു. ആ കേസില്‍ ജനുവരി മാസം ജാമ്യത്തില്‍ ഇറങ്ങി വീണ്ടും മയക്കുമരുന്നു വില്പന തുടരുകയായിരുന്നു. കോഴിക്കോട് ടൗണ്‍, മുക്കം, ബാലുശേരി, വയനാട് എന്നീ സ്ഥലങ്ങളില്‍ കാറിലും ബൈക്കിലും രാത്രികാലങ്ങളില്‍ സഞ്ചാരിച്ചാണ് വില്പന.
താമരശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.