നാദാപുരം: മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വളയം മേഖലയിൽ വ്യാപക നാശം. ശനിയാഴ്ച്ച രാത്രി പത്തോടെയാണ് ശക്തമായ കാറ്റ് മേഖലയിൽ വീശിയത്.
കല്ലുനിര, പൂവ്വം വയൽ, ചമ്പേങ്ങാട്, ചേലത്തോട് എന്നിവടങ്ങളിൽ മരം വീണ് വൈദ്യുത ബന്ധം താറുമാറായി. ഒട്ടേറെ വൈദ്യുതി തൂണുകളും തകർന്നു. വ്യാപക കൃഷിനാശവും ഉണ്ടായി. കല്ലുനിര കാളികൊളുമ്പിൽ കുഞ്ഞി പറമ്പത്ത് അനിൽകുമാറിന്റെ കുലക്കാറായ 1000 വാഴകൾ ശക്തമായ കാറ്റിൽ നശിച്ചു.
കല്ലുനിര ചേലത്തോട്ടിൽ അമ്മം പാറയിൽ നാണുവിന്റെ 300 ഓളം വാഴകളും കാറ്റിൽ നശിച്ചു. ചേലത്തോട്ടിൽ തൊഴിലുറപ്പ് തൊഴിലാളികൾ കൃഷി ചെയ്ത കപ്പയും ശക്തമായ കാറ്റിൽ നിലംപൊത്തി. ചേലത്തോട്ടിലെ മമ്പറത്ത് നാണുവിന്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു. വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് തകർന്നു. പൂവ്വം വയലിലെ സി.എച്ച്. ബാബുരാജിന്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു. വൈദ്യുതി ലൈനിന് മുകളിലേക്ക് വീണ മരങ്ങൾ മുറിച്ച് മാറ്റി ഞായറാഴ്ച്ച വൈകിട്ടോടെയാണ് മേഖലയിലെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്