ദക്ഷിണേന്ത്യയിൽനിന്നു മാത്രം ഇന്ത്യാ സംഖ്യത്തിന് 100 സീറ്റ് ലഭിക്കും: രേവന്ത് റെഡ്ഡി
1425599
Tuesday, May 28, 2024 7:56 AM IST
കോഴിക്കോട്: ദക്ഷിണേന്ത്യയിൽനിന്നു മാത്രം ഇന്ത്യാ സഖ്യം നൂറിലധികം സീറ്റ് നേടുമെന്നും നരേന്ദ്രമോദിയുടെ ഗാരന്റിയുടെ വാറണ്ടി കഴിഞ്ഞെന്നും തെലുങ്കാന മുഖ്യമന്ത്രിയും പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്നേഹ സദസിന്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി പ്രധാനമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യനല്ല. ദളിത്, ന്യൂനപക്ഷ സംവരണം എടുത്തു കളയാൻ വേണ്ടിയാണ് ഇത്തവണ 400 സീറ്റ് വേണമെന്ന് ബിജെപി മോഹിക്കുന്നത്. നരേന്ദ്രമോദി രാജ്യത്തെ വിഭജിക്കുന്ന പ്രഭാഷണങ്ങൾ നടത്തുന്നു. അത് രാജ്യത്തിന് ഗുണകരമല്ല. ബിജെപി ദേശത്തിന്റെ താത്പര്യം സംരക്ഷിക്കുന്നില്ല. എല്ലാവരെയും ഒരുപോലെ കാണുകയാണ് വേണ്ടത്.
സമൂഹത്തെ ഒന്നിച്ച മുന്നോട്ടു കൊണ്ടുപോകാൻ കേരളം പുലർത്തുന്ന ജാഗ്രതയെ രാജ്യം മാതൃകയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു വർഗീയ ശക്തികളെയും കേരളം ഈ മണ്ണിലേക്ക് പ്രവേശിക്കാൻ സമ്മതിച്ചിട്ടില്ല. ഇക്കാര്യത്തിൽ താൻ അഭിമാനിക്കുകയും അതോടൊപ്പം അസൂയപ്പെടുകയും ചെയ്യുന്നു. സ്നേഹ സദസ് രാജ്യത്തിനുള്ള സന്ദേശമാണ്. ഈ സന്ദേശം രാജ്യത്തുടനീളം പരക്കണം. യുഡിഎഫ് ഇന്ത്യാ സഖ്യത്തിന്റെ ആത്മാവാണ്. യുഡിഎഫിന്റെ വിശ്വസ്ത ഘടക കക്ഷിയാണ് ലീഗെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.