വിദ്യാർഥികളിലെ മയക്കുമരുന്ന് ഉപയോഗം ചെറുത്തുതോൽപ്പിക്കണം: ടി. സിദ്ദിഖ്
1245908
Monday, December 5, 2022 12:47 AM IST
കൽപ്പറ്റ: വിദ്യാർഥികളിലെ മയക്കുമരുന്ന് ഉപയോഗം ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണമെന്നു ടി. സിദ്ദിഖ് എംഎൽഎ സമൂഹത്തോടു ആഹ്വാനം ചെയ്തു. സമൂഹത്തിനും വളർന്നുവരുന്ന തലമുറയ്ക്കും വൻ വിപത്തായി മാറുകയാണ് ലഹരി ഉപയോഗം. മേപ്പാടി ഗവ.പോളിടെക്നിക്കിൽ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പുറത്തുവന്ന ദൃശ്യങ്ങങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. വിദ്യാർഥികളിൽ ചിലർ മയക്കുമരുന്നു ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കാന്പസുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്നു സംശയിക്കണം.
സമൂഹം ഇന്നു നേരിടുന്ന കനത്ത വെല്ലുവിളികളിൽ ഒന്നാണ് ലഹരി ഉപയോഗം. വിദ്യാർഥികളിലെ ലഹരി ഉപയോഗം അവരുടെ മാനസികവും ശാരീരികവും സാമൂഹികവും സാന്പത്തികവും കുടുംബപരവുമായ തകർച്ചയ്ക്കു കാരണമാകുകയാണ്. ഇതിനെതിരേ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്.
മേപ്പാടി പോളിടെക്നിക്കിലെ ഗുരുതര സാഹചര്യത്തിലേക്ക് പോലീസിന്റെയും എക്സൈസിന്റെയും സ്ഥാപന അധികൃതരുടെയും കണ്ണെത്താത്തത് ഗുരുതര വീഴ്ചയാണ്. കാന്പസുകളിൽ ലഹരി ഉപയോഗിക്കുന്ന വിദ്യാർഥികളെ കണ്ടെത്തണം. അവരെ മയക്കുമരുന്നുകളുടെ പിടിയിൽനിന്നു മോചിപ്പിക്കണം. കാന്പസുകളിൽ ലഹരി എത്തിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
കാന്പസുകളെ ലഹരിമുക്തമാക്കുന്നതിനു അടിയന്തര ഇടപെടലിനു ജില്ലാ പോലീസ് മേധാവിക്കും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്കും നർക്കോടിക് സെൽ ഡിവൈഎസ്പിക്കും കത്ത് നൽകിയതായി എംഎൽഎ അറിയിച്ചു. രക്ഷിതാക്കളുടെയും അധ്യാപകരുടേയും യോഗം വെവ്വേറെ വിളിച്ചുചേർക്കുന്നതിനു പോളിടെക്നിക്ക് പ്രിൻസിപ്പലിനു നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.