കണ്ടർമല മുതൽ കാപ്പാട് വരെ ആന ശല്യം രൂക്ഷം
1263145
Sunday, January 29, 2023 11:22 PM IST
ചീരാൽ: നെൻമേനി പഞ്ചായത്ത് അതിർത്തിയിലെ മുണ്ടക്കൊല്ലി കണ്ടർമല മുതൽ നന്പ്യാർകുന്ന് കാപ്പാട് വരെ കാട്ടാന ശല്യം രൂക്ഷമായി. കൂട്ടത്തോടെ എത്തുന്ന കാട്ടാനകൾ കനത്ത കൃഷിനാശമാണ് വരുത്തുന്നത്. കർഷകരുടെ ഉറക്കമിളച്ചുള്ള കാവലിന് ഇടയിലും ആനകൾ വാഴ, കമുക്, തെങ്ങ്, ഏലം ഉൾപ്പെടെ കൃഷികൾ ചവിട്ടിയും ഒടിച്ചും തിന്നും നശിപ്പിക്കുകയാണ്.
പുതുശേരി ഷണ്മുഖൻ, ജയപ്രകാശ്, രാജശേഖരൻ, വരിക്കേരി നിജേഷ്, രുക്മണി, കുഞ്ഞിരാമൻ, പാർവതി, സന്തോഷ്, വിശ്വനാഥൻ, മാന്തണ പുരുഷു, സുമിത്ര, ചന്ദ്രിക, അയിനിപ്പുര രാഘവൻ, കന്പക്കൊടി ശങ്കരൻകുട്ടി, അരക്കുഞ്ചി വിശ്വനാഥൻ, നന്പ്യാർകുന്ന് ജോസ് സെബാസ്റ്റ്യൻ, ചുണ്ടാലക്കുന്ന് വാസു, കോഴിപ്പാടത്ത് ശോഭൻ, പാട്ടത്ത് ചന്ദ്രൻ, വാസു, കുട്ടിക്കൃഷ്ണൻ, ചരിച്ചിൽ ശാരദ തുടങ്ങിയവരുടെ ഏക്കർ കണക്കിന് കൃഷി ഇതിനകം നശിച്ചു. ഭാഗികമായി കൃഷിനാശം സംഭവിച്ച കർഷകർ പുറമേ.
ആനക്കൂട്ടത്തെ അടിയന്തരമായി ഉൾവനത്തിലേക്കു തുരത്തണമെന്ന് ഈസ്റ്റ് ചീരാൽ പൂമുറ്റത്ത് ചേർന്ന ആക്ഷൻ കൗണ്‍സിൽ യോഗം വനം അധികാരികളോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നടപടി വൈകിയാൽ പഴൂർ വനം ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ചെയർമാൻ പി.എ. അഫ്സൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.എം. ജോയ്, ജനറൽ കണ്‍വീനർ എം.പി. രാജൻ, പുതുശേരി ഷണ്മുഖൻ, സി. ഗോപാലകൃഷ്ണൻ, രാധാകൃഷ്ണൻ, ആരായിക്കൽ മുരളീധരൻ, കെ.ഒ. ഷിബു, മണി പൊന്നോത്ത്, ചോലക്കൽ ജമീല, വരിക്കേരി സുശീല, മാഞ്ചേരി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.