വനം മന്ത്രിയെ വിമർശിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതി
1283299
Saturday, April 1, 2023 11:28 PM IST
കൽപ്പറ്റ: സംസ്ഥാന വനം മന്ത്രിയെ ശക്തമായ ഭാഷയിൽ വിമർശിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതി. വനം മന്ത്രിയുടേത് വനം കൊള്ളക്കാരുടെ ഭാഷയാണെന്ന് സമിതി യോഗം കുറ്റപ്പെടുത്തി.
അരിക്കൊന്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന വനം മന്ത്രി പദവിക്കു നിരക്കാത്ത പ്രസ്താവനകളാണ് നടത്തുന്നത്.
വന്യജീവി സരക്ഷണ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നാണ് കോടതി പറഞ്ഞത്. ആനകളുടെ ആവാസസ്ഥാനങ്ങളിലും ആനത്താരകളിലും പാവപ്പെട്ട ആദിവാസികളെയും ഭൂരഹിതരെയും താമസിപ്പിച്ചത് എന്തിനാണെന്ന ചോദ്യത്തിനു മന്ത്രി മറുപടി പറയുന്നില്ല. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ എന്തു ചെയ്തെന്ന് മന്ത്രി വിശദീകരിക്കണം. വന്യജീവികൾ വരുത്തുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം കുടിശികയാണ്. ഓരോ വിളകൾക്കുമുള്ള നഷ്ടപരിഹാരം കാലോചിതമാക്കണമെന്ന് ആവശ്യം നടപ്പാക്കിയിട്ടില്ല. ജില്ലയിലെ സ്വയം സന്നദ്ധ പുനരധിവാസം മൂന്നു വഷമായി അട്ടത്തിട്ടിരിക്കയാണ്.
മറ്റു മാർഗങ്ങൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ മാത്രമാണ് ആനകളെ പിടികൂടേണ്ടത്. പിടികൂടുന്ന ആനകളെ പന്തിയിലാക്കി പീഡിപ്പിക്കുന്നതിനുപകരം തമിഴ്നാട്ടിലെ മുതുമലയിലെയും കർണാടകയിലെ ബന്ദിപ്പുരയിലെയും മാതൃകയിൽ അർധ വന്യതയിൽ പരിപാലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അന്പലവയൽ പ്രസംഗിച്ചു.