ചിറക്കര കവർച്ച: പ്രതികളുടെ രേഖാചിത്രം തയാറാക്കി; ഡിഎൻഎ പരിശോധനയും നടത്തും
1416738
Tuesday, April 16, 2024 7:29 AM IST
തലശേരി: വീട്ടമ്മയെ കെട്ടിയിട്ട് പണവും സ്വർണവും കവർന്ന സംഭവത്തിൽ പ്രതികളുടെ രേഖാചിത്രം തയാറാക്കി അന്വേഷണം സംഘം. ആക്രമണത്തിനിരയായ ചിറക്കര കെ.ടി.പി. മുക്കിലെ ഫിഫാസ് വീട്ടിൽ അഫ്സത്തിന്റെ സഹായത്തോടെയാണ് പോലീസ് പ്രതികളുടെ രേഖാചിത്രം തയാറാക്കിയത്.
കവർച്ചയ്ക്ക് ശേഷം അക്രമികൾ തൊട്ടടുത്ത വീട്ടിലെ മുറ്റത്ത് മലമൂത്ര വിസർജനം നടത്തിയതായി കണ്ടെത്തിയിരുന്നു. ഇവ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കവർച്ചെക്കെത്തിയ മൂന്നംഗസംഘത്തിൽ ഒരാൾ അഫ്സത്തിനോട് പണമെവിടെ, സ്വർണമെവിടെ എന്ന് മലയാളത്തിലാണ് ചോദിച്ചത്. പ്രതികളുടെ രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു പേരെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങി. ഇതിനു പുറമേ വീട്ടിൽനിന്നും 21 വിരലടയാളങ്ങൾ വിദഗ്ദർ ശേഖരിച്ചിരുന്നു.
ഇതിൽ ആറെണ്ണം വീട്ടിലുള്ളവരുടെയും വീട്ടിൽ എത്തിയവരുടേതുമാണ്. മറ്റ് 15 വിരലടയാളങ്ങൾ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. കണ്ണടയുടെ പൗച്ചിൽ നിന്നും ലഭിച്ചിട്ടുള്ള വിരലടയാളത്തിൽ നിന്നും ചില നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, പ്രദേശത്തെ 50 കേന്ദ്രങ്ങളിൽനിന്നും പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചെങ്കിലും ഒന്നിൽ പോലും അക്രമിസംഘം പെട്ടിട്ടില്ലെന്നാണ് പോലീസ് പറഞ്ഞത്. പ്രദേശത്തെക്കുറിച്ച് വ്യക്തമായ അറിവുള്ളവരുടെ സഹായം അക്രമി സംഘത്തിന് ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രദേശത്തെ മൊബൈൽ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചുള്ള നമ്പറുകളുടെ പരിശോധനയും നടത്തുന്നുണ്ട്.
മാർച്ച് 20 ന് പുലർച്ചെ 3.30 ന് വീടിന്റെ ഗ്രിൽസും വാതിലിന്റെ പൂട്ടും തകർത്താണ് കർച്ച നടന്നത്. എഎസ്പി ഷഹൻഷ, സിഐ ബിജു ആന്റണി, എസ്ഐ എ.അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.