പയ്യാവൂർ മാംഗല്യത്തിന് തുടക്കമായി; ആദ്യതാലികെട്ട് പാനൂരിൽ
1601203
Monday, October 20, 2025 1:54 AM IST
പയ്യാവൂർ: ഒരു നാട്ടിലെ ഒരുപാട് പേരുടെ കാത്തിരിപ്പിന് വിരാമമിട്ട് പയ്യാവൂർ മാംഗല്യത്തിന് തുടക്കമായി. ആദ്യതാലികെട്ട് പാനൂരിലാണ് നടന്നത്. പാനൂർ സ്വദേശി ഷാജിയും പയ്യന്നൂർ സ്വദേശി ബിന്ദുവും തമ്മിലുള്ള വിവാഹം ഇന്നലെ പാനൂർ ശ്രീനാരായണഗുരു മന്ദിരത്തിൽ നടന്നു. വധുവിന്റെ ബന്ധുവിന്റെ മരണത്തെത്തുടർന്നാണ് വിവാഹം പാനൂരിലേക്ക് മാറ്റിയതെന്ന് പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത സുരേഷ് പറഞ്ഞു.
വിവാഹ ചടങ്ങിൽ പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജുസേവ്യർ, വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, മെംബർമാരായ പ്രഭാവതി മോഹനൻ, രജനി സുന്ദരൻ, സിഡിഎസ് അംഗങ്ങളായ ബിന്ദു ശിവദാസൻ, ബിന്ദുരാജൻ, ജില്ലാ സിംഗിൾ വുമൺ അസോസിയേഷൻ ഭാരവാഹി പി.വി. ശോഭന തുടങ്ങി നിരവധി പേർ പങ്കെടുത്തു.
പയ്യാവൂർ പഞ്ചായത്തിലേക്ക് വിവാഹം കഴിക്കാൻ അപേക്ഷകളുടെ കുത്തൊഴുക്കാണ് ഇപ്പോഴും. "പയ്യാവൂർ മാംഗല്യം" പദ്ധതി പഞ്ചായത്ത് പ്രഖ്യാപിച്ചതോടെയാണ് ആയിരക്കണക്കിന് അപേക്ഷകൾ എത്താൻ തുടങ്ങിയത്. ഇതുവരെ ലഭിച്ച നാലായിരത്തോളം അപേക്ഷകരിൽ 90 ശതമാനവും പുരുഷന്മാരാണെന്നതാണ് പഞ്ചായത്തിനെ കുഴപ്പിക്കുന്നത്.
കുടുംബശ്രീ അംഗങ്ങൾ പഞ്ചായത്തിലേക്കെത്തുന്ന ഓരോ അപേക്ഷകളും വിവിധ മത, സമുദായങ്ങൾക്കനുസരിച്ച് തരംതിരിക്കുകയാണ്. അതിൽ അനുയോജ്യരായവരെ കൂട്ടിയിണക്കാൻ ശ്രമിക്കുകയാണ് പഞ്ചായത്ത്.
അപേക്ഷകളിലെ അസന്തുലിതാവസ്ഥ പരിഹരിയ്ക്കാൻ വിവിധ പഞ്ചായത്തുകളുമായി സഹകരിക്കാനാണ് പയ്യാവൂർ പഞ്ചായത്തിന്റെ നീക്കം. പയ്യാവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ സിംഗിൾ വുമൺ അസോസിയേഷനുമായി ചേർന്നാണ് പയ്യാവൂർ മാംഗല്യം' എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചത്.
അവിവാഹിതരും പുനർ വിവാഹിതരും ഉൾപ്പെടെ ജാതി ഭേദമന്യേ സ്ത്രീ പുരുഷന്മാർക്ക് വിവാഹിതരാകാനുളള അവസരമാണ് പദ്ധതിയിലൂടെ ഒരുക്കുന്നത്.