ആരും തിരിഞ്ഞുനോക്കാതെ മട്ടന്നൂർ ടൗൺ സ്ക്വയർ
1601194
Monday, October 20, 2025 1:54 AM IST
മട്ടന്നൂർ: നഗരത്തിലെത്തുന്നവർക്കുള്ള വിനോദ-വിശ്രമ കേന്ദ്രമെന്ന നിലയിൽ നിർമിച്ച മട്ടന്നൂർ ടൗൺസ്ക്വയറിൽ ആളനക്കമില്ല. ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് കോടികൾ ചെലവഴിച്ച് നഗരമധ്യത്തിലെ ഐബി പരിസരത്ത് ടൗൺ സ്ക്വയർ നിർമിച്ചത്. മരങ്ങൾക്കിടയിൽ പ്രകൃതി സൗഹൃദ രീതിയിലാണ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. എന്നാൽ വളരെ കുറവ് ആളുകൾ മാത്രമാണ് ഇവിടെ എത്തിച്ചേരുന്നത്. കാര്യമായി പൊതുപരിപാടികളും ഇവിടെ നടത്താറില്ല.
ആളുകളെത്താത്ത ടൗൺ സ്ക്വയറിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്. മുമ്പ് കോവിഡ് ലോക്ക്ഡൗൺ കാലത്ത് അടച്ചിട്ട ഇവിടം കാടുകയറുകയും ഇരിപ്പിടങ്ങൾ ഉൾപ്പടെയുള്ളവ നശിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. പ്രതിഷേധം ഉയർന്നതോടെയാണ് ടൗൺ സ്ക്വയർ ശുചീകരിച്ചത്.
കുട്ടികളുടെ പാർക്കും മറ്റും ആരും ഉപയോഗിക്കാതെ കിടക്കുകയാണ്. ടൗൺ സ്ക്വയറിന്റെ നടത്തിപ്പ് ഡിടിപിസി മുമ്പ് ലേലത്തിലൂടെ ഒരു സൊസൈറ്റിക്ക് നൽകിയിരുന്നു. ഇവരുടെ നേതൃത്വത്തിലുള്ള ഹോട്ടൽ പ്രവർത്തിക്കുന്നുണ്ട്.
നഗരസഭയുടെ ഓപ്പൺ ഓഡിറ്റോറിയത്തിന്റെ നിർമാണം ബസ് സ്റ്റാൻഡ് പരിസരത്ത് പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ പരിപാടികൾ നടത്താനും ടൗൺ സ്ക്വയർ വേണ്ടാതാകും.
വൈകുന്നേരവും മറ്റും കനത്ത വെയിൽ അനുഭവപ്പെടുന്നതും ടൗൺ സ്ക്വയറിൽ ആളുകൾ എത്തിച്ചേരുന്നതിന് തടസമാകുന്നുണ്ട്. മരങ്ങളും മറ്റും പരിപാലിക്കേണ്ടതിനാൽ മേൽക്കൂര നിർമിച്ചിട്ടില്ല.
പരിപാടികൾ നടത്തുന്നതിനുള്ള സ്റ്റേജ് സൗകര്യവും ഇരിപ്പിടങ്ങളും ശൗചാലയവും ഇവിടെയുണ്ട്. സമീപത്ത് കുട്ടികളുടെ പാർക്കും നിർമിച്ചിട്ടുണ്ട്. ഓരോ തദ്ദേശസ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രം ഒരുക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് നഗരമധ്യത്തിലുള്ള ടൗൺ സ്ക്വയർ ആർക്കും വേണ്ടാതെ കിടക്കുന്നത്.