അയ്യൻകുന്ന് വില്ലേജിൽ റീ സർവേ നടപടികൾക്ക് ജീവൻ വയ്ക്കുന്നു
1601191
Monday, October 20, 2025 1:54 AM IST
ഇരിട്ടി : അയ്യൻകുന്ന് വില്ലേജിലെ റീസർവേ പ്രവൃത്തികൾക്കുള്ള നടപടികൾ ഉടൻ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേലിന്റെ അധ്യക്ഷതയിൽ ഈ ആഴ്ച യോഗം ചേരും. സർവേയുടെ പ്രാരംഭ നടപടികൾ പൂർത്തിയാക്കാനാണ് ആദ്യയോഗം.
33 വർഷം മുന്പുള്ള
ആവശ്യം
ഇവിടുത്തെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു റീസർവേ. വനമേഖലയോട് അതിർത്തി പങ്കിടുന്ന അയ്യൻകുന്ന് പഞ്ചായത്തിലെ കുടിയേറ്റ കർഷകരുടെ ഭൂമി കൈമാറ്റം ചെയ്യണമെങ്കിൽ നിരാക്ഷേപപത്രം വേണമെന്ന വനംവകുപ്പിന്റെ ഉത്തരവിനെ തുടർന്ന് 1992 ൽ ആണ് പ്രദേശവാസികൾ ആദ്യമായി കർമസമിതി രൂപീകരിക്കുന്നത്.
ഫോറസ്റ്റ് ജണ്ട കണക്കാക്കി സർവേ നടത്തി കർഷകരുടെ ഭൂമി വനം വകുപ്പിന്റെ നിമയത്തിൽനിന്നും ഒഴിവാക്കിത്തരണം എന്നായിരുന്നു ഇവരുടെ ആവശ്യം. അന്നത്തെ എംഎൽഎ ആയിരുന്ന കെ.പി. നൂറുദീന്റെ നേതൃത്വത്തിൽ പി.സി. ജോസ് കൺവീനർ ആയി കർമസമിതി പ്രവർത്തനം ആരംഭിക്കുന്നത്. അന്നത്തെ റവന്യൂ മന്ത്രി ആയിരുന്ന കെ.എം. മാണിയെ നേരിൽക്കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു.
തുടർന്നും നിരന്തര പരാതികളുടെ ഫലമായി 1995 ൽ 10 അംഗ പ്രത്യേക സർവേ സംഘത്തെ അയ്യൻകുന്നിലേക്ക് നിയമിക്കുന്നു. ഇതിന്റെ എല്ലാം പിന്നിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നിരന്തരമായ നിരവധി ഓഫീസുകൾ കയറി ഇറങ്ങേണ്ടി വന്നിട്ടുണ്ട്.
മൂർഖൻ പറമ്പിലേക്കും
ബാരാപോളിലേക്കും
മാറ്റുന്നു
അയ്യൻകുന്നിൽ എത്തിയ സർവേ സംഘം പ്രവർത്തനം തുടങ്ങി മാസങ്ങൾക്ക് ഉള്ളിലാണ് ഇവരെ മൂർഖൻ പറമ്പിലേക്കും ബാരാപോളിലേക്കും സർവേ നടപടികൾക്കായി മാറ്റിക്കൊണ്ടുള്ള ഉത്തരവ് വരുന്നത്. ഏറെ പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും മുളയിലേ നുള്ളിയ ആവശ്യം ഉപേക്ഷിക്കാൻ കർമസമിതിയുടെ അമരക്കാരനായ പി.സി.ജോസ് തയാറായിരുന്നില്ല.
പിന്നീട് പലതവണ അനുകൂല ഉത്തരവുകൾ വന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ തടസമായി. 2021 വീണ്ടും അയ്യൻകുന്നിൽ റീസർവേ നടപടികൾ ആരംഭിക്കാൻ നടപടികൾ പൂർത്തിയായി. അങ്ങാടിക്കടവിൽ ക്യാമ്പ് ഓഫീസ് ആരംഭിച്ചെങ്കിലും വെമ്പുഴ പുഴ പുറമ്പോക്ക് വിവാദത്തിൽപെട്ട് വീണ്ടും സർവേ നടപടികൾ നിലച്ചു.
പിന്നീട് അയ്യൻകുന്ന് വില്ലേജ് വിഭജിച്ച് അങ്ങാടിക്കടവ്, കരിക്കോട്ടക്കരി വില്ലേജുകൾ നിലവിൽവന്നു. ഇതിൽ കരിക്കോട്ടക്കരി വില്ലേജിൽ മാത്രം റീ സർവേ നടപടികൾ പൂർത്തിയായെങ്കിലും പ്രശ്നം നിലനിൽക്കുന്ന അങ്ങാടിക്കടവ് വില്ലേജിൽ പഴയ സ്ഥിതി തുടർന്നു.
മുഖ്യമന്ത്രിക്ക്
പരാതി നൽകി
ധർമടത്ത് നടന്ന പരിപാടിയിൽ റീസർവേ ആവശ്യവുമായി പി.സി. ജോസ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇതിന്റെ തുടർനടപടിയായാണ് വീണ്ടും അയ്യൻകുന്നിൽ റീസർവേ ആരംഭിക്കുന്നതിന്റെ പ്രാരംഭ പ്രവൃത്തികൾ തുടങ്ങിയത്. ആറു മാസം കൊണ്ട് സർവേ നടപടികൾ പൂർത്തിയാക്കാനാണ് പദ്ധതി.
സർവേ കൃത്യമായി പൂർത്തിയാക്കുന്നതിന് ഭൂഉടമകളുടെ സഹകരണം കൂടി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട് . ഇതിനായി സ്ഥലത്തിന്റെ അതിർത്തികൾ തെളിച്ചുനൽകണം.
വസ്തുവിന്റെ ആധാരം, ആധാർ കാർഡ് തുടങ്ങിയ രേഖകൾ സർവേ അധികൃതർക്ക് ഭൂ ഉടമകൾ നൽകണമെന്നും അധികൃതർ അറിയിച്ചു.1992 ആരംഭിച്ച കർമസമിതിയുടെ കമ്മിറ്റിക്കാരിൽ നാലുപേർ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.