പയറ്റ്ചാൽ വളവിൽ അപകടം ഒഴിവാക്കാൻ നടപടി വേണം
1601452
Tuesday, October 21, 2025 1:34 AM IST
ചെമ്പേരി: ശ്രീകണ്ഠപുരം- ചേപ്പറമ്പ്-ചെമ്പേരി റോഡിലുള്ള പയറ്റ്ചാൽ ഇറക്കത്തിലെ വളവിൽ വാഹനങ്ങൾക്ക് നേരിടേണ്ടിവരുന്ന അപകടാവസ്ഥ ഒഴിവാക്കാൻ സത്വര നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ഇവിടെ നിരവധി അപകടങ്ങളാണ് ഇതിനകം സംഭവിച്ചിട്ടുള്ളത്.
അടുത്ത കാലത്തായി കണ്ടെയ്നർ ലോറിയടക്കമുള്ള വലിയ പാഴ്സൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. മലയോര മേഖലയിൽ പ്രവർത്തിക്കുന്ന മൊത്തവ്യാപാര ഗോഡൗണുകളിലേക്ക് സാധനങ്ങളുമായി വരുന്ന അന്യസംസ്ഥാന വാഹനങ്ങളാണ് കൂടുതലായും ഇവിടെ അപകടത്തിൽപ്പെടുന്നത്.
കുത്തനെ ഇറക്കവും വളവുമുള്ള ഈ റോഡിൽ മുൻപരിചയമില്ലാതെ എത്തുന്നവർ അപകടത്തിനിരയാകാൻ സാധ്യതയേറെയാണ്. ഇവിടെ റോഡരികിൽ താഴ്ചയുള്ളയിടങ്ങളിൽ സംരക്ഷണ വേലികളും വാഹന ഡ്രൈവർമാരുടെ ശ്രദ്ധയാകർഷിക്കുന്ന രീതിയിലുള്ള കർശന സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചാൽ അപകടങ്ങൾ നിയന്ത്രിക്കാൻ സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു.