വൃക്ക നൽകാമെന്നു പറഞ്ഞ് തട്ടിപ്പ്; ആറു ലക്ഷം തട്ടിയെടുത്തു
1601443
Tuesday, October 21, 2025 1:34 AM IST
ഇരിട്ടി: വൃക്ക നൽകാമെന്നു വൃക്കരോഗിയേയും ചികിത്സാസഹായ നിധിക്കായി രൂപീകരിച്ച കമ്മിറ്റിയേയും പറഞ്ഞു വിശ്വസിപ്പിച്ച് ആറു ലക്ഷം തട്ടിയെടുത്തതായി പരാതി. പട്ടാനൂർ സ്വദേശി ഷാനിഫിന് (30) വൃക്ക നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ആറു ലക്ഷം തട്ടിയെടുത്തത്. വീർപ്പാട് സ്വദേശി നൗഫൽ എന്ന സത്താർ, കൂട്ടു പ്രതികളായ നിബിൻ എന്ന അപ്പു , ഗഫൂർ എന്നിവർക്കെതിരേയാണ് ഷാനിഫ് ആറളം പോലീസിൽ പരാതി നൽകിയത്.
2024 ഡിസംബർ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ഡോണറെ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ഇവർ മൂന്നു ലക്ഷം പണമായും ബാക്കി മൂന്നു ലക്ഷം ബാങ്കുവഴിയുമാണ് കൈപ്പറ്റിയത്. കൂട്ടുപ്രതി നിബിനെ ഡോണറായി പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. തട്ടിപ്പ് ആസൂത്രണം ചെയ്ത മുഖ്യപ്രതി നൗഫൽ ഒളിവിലാണ്. കേസ് രജിസ്റ്റർ ചെയ്ത ആറളം എസ്ഐ കെ. ഷുഹൈബിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
തട്ടിയത് നാട്ടുകാർ
പിരിച്ചെടുത്ത പണം
ചാരിറ്റി സംഘടനകളിലൂടെ നന്മമരമായി ചമഞ്ഞ് പല സ്ഥലങ്ങളിലും നൗഫൽ തട്ടിപ്പ് നടത്തിയതായി പോലീസ് പറയുന്നു. വൃക്ക തകാരാറിലായ ഷാനിഫിന് ആദ്യം നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഉമ്മയുടെ വൃക്ക ആയിരുന്നു ആദ്യ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചത്.
വീണ്ടും അസുഖം കൊണ്ടുവലഞ്ഞതോടെ നാട്ടുകാർ ചേർന്ന് ചികിത്സാ സഹായ നിധി രൂപീകരിച്ച് പണം പിരിച്ചുനൽകുകയായിരുന്നു. ചികിത്സാ സഹായ കമ്മിറ്റിയുമായും ബന്ധപ്പെട്ട് കമ്മിറ്റി ഭാരവാഹികളിൽനിന്ന് മൂന്നു ലക്ഷം കൈപ്പറ്റുകയായിരുന്നു. സമാഹരിച്ച പണം നഷ്ടപ്പെട്ടതോടെ ഷാനിഫ് ഒരു വർഷത്തോളമായി അസുഖത്താൽ വലയുകയാണ്.