കോടതികളിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തണം: ജുഡീഷൽ സ്റ്റാഫ് ഓർഗനൈസേഷൻ
1601451
Tuesday, October 21, 2025 1:34 AM IST
തലശേരി: കോടതികളിലെ താൽകാലിക നിയമനങ്ങൾ നിർത്തലാക്കി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനം നടത്തണമെന്ന് കേരള സിവിൽ ജുഡീഷൽ സ്റ്റാഫ് ഓർഗനൈസേഷൻ (കെസിജെഎസ്ഒ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കോടതികൾ കടലാസ് രഹിത സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണ രൂപത്തിലേക്കാക്കുക, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, ഒ ആൻഡ് എം റിപ്പോർട്ട് പ്രകാരം പുതിയ തസ്തികകൾ അനുവദിക്കുക, അഡ്വാൻസ് ഇൻക്രിമെന്റിനെതിരേ സർക്കാർ ഹൈകോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കുക, വനിതാ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
തലശേരി ജില്ലാ കോടതി കോംപ്ലക്സിൽ അഡീഷനൽ ജില്ലാ ജഡ്ജി ഫിലിപ്പ് തോമസ് ഉദ്ഘടനം ചെയ്തു. അഡീഷനൽ ഡിസ്ട്രിക്ട് ജഡ്ജി ടിറ്റി ജോർജ് മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് പി.പി. മനോഹരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
കെ. വിശ്വൻ, കെ.എം. ബാലകൃഷ്ണൻ, ജില്ലാ കോടതി ശിരസ്തദാർ വി. മനോജ് കുമാർ, രജിത്കുമാർ, ഷിനോബ് കുമാർ, വി. പ്രജിത്ത്, ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.വി. കമറുദ്ദീൻ സ്വാഗതവും ജില്ല ട്രഷറർ എം. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കൾക്കുള്ള എക്സലൻസ് അവാർഡ് വിതരണം ചെയ്തു. ദേശീയ സിവിൽ കായിക മേളയിൽ പങ്കെടുത്ത ജീവനക്കാരെയും വിരമിച്ച ജീവനക്കാരെയും ആദരിച്ചു. ഭാരവാഹികളായി പി. ഷിനോബ് കുമാർ -പ്രസിഡന്റ്, കെ.വി. കമറുദ്ദീൻ -സെക്രട്ടറി, എം. സന്തോഷ് കുമാർ -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.