ഇടിമിന്നലേറ്റ് വീടിന് കനത്തനാശം
1601453
Tuesday, October 21, 2025 1:34 AM IST
പയ്യാവൂർ: മഴയില്ലാതിരുന്ന സമയത്തുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് വീടിനും വൈദ്യുതോപകരണങ്ങൾക്കും കനത്ത നാശം.
പയ്യാവൂർ ഇരൂടിലെ റിട്ട. അധ്യാപകൻ കാക്കനാട്ട് ജോണിന്റെ വീടിന് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് അപ്രതീക്ഷിതമായി ഇടിമിന്നലേറ്റത്.
വീടിനുള്ളിൽ തനിച്ചായിരുന്ന ജോൺ പരിക്കൊന്നുമേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ പുറത്തെ ഭിത്തിയിലെ വൈദ്യുതി മീറ്റർ ദൂരത്തേക്ക് തെറിച്ചുപോയി.
മീറ്റർ ബോർഡ് കത്തിക്കരിഞ്ഞ് ഭിത്തിയിലെ പ്ലാസ്റ്ററിംഗടക്കം അടർന്നുവീണു.
വീടിനുള്ളിലെ വയറിംഗിന് തീപിടിച്ച് സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു.
ഇടിമിന്നലിന്റെ ആഘാതത്തിൽ മുറ്റത്തെ ഇന്റർലോക്ക് കട്ടകളും ഇളകിത്തെറിച്ചു.
സമീപ വീടുകളിലെ ടിവി, ഫാൻ തുടങ്ങിയവയ്ക്കും നാശമുണ്ടായിട്ടുണ്ട്.