കർണാടകയിലും ആനക്കലി ഒരു വർഷം, 12 ജീവൻ
1416741
Tuesday, April 16, 2024 7:29 AM IST
ഇരിട്ടി: കേരളത്തിന്റെ അയൽസംസ്ഥനമായ കർണാടകയിലെ കുടക് ജില്ലയിലും കാട്ടാന ശല്യം രൂക്ഷം. ഇന്നലെ രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോട്ടം തൊഴിലാളിയാണ് കാട്ടാനയുടെ അവസാനത്തെ ഇര. പൊന്നമ്പേട്ട് താലൂക്കിലെ ബീരുഗ വില്ലേജിൽ ചാമുണ്ഡി മുത്തപ്പ കൊല്ലി റോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ അയ്യാമട മാദയ്യ (ബോഗ്ഗ - 63) ആണു കൊല്ലപ്പെട്ടത്. ഇതോടെ കഴിഞ്ഞ ഒരു വർഷത്തിനിടെ കുടക് ജില്ലയിൽ കാട്ടാനക്കലിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 12 ആയി.
രാവിലെ 6.45 ന് സമീപത്തെ തോട്ടത്തിലേക്ക് ജോലിക്കു പോകുന്നതിനിടെ ആണു ബോഗ്ഗ ആക്രമിക്കപ്പെടുന്നത്. ബീരുഗയിലും സമീപ പ്രദേശങ്ങളിലും ഉള്ള കൃഷിയിടങ്ങളിൽ മാത്രമായി 40 ലധികം കാട്ടാനകൾ തമ്പടിച്ചിട്ടുള്ളതായാണ് പ്രദേശവാസികൾ പറയുന്നത്. കുടക് ജില്ലയിൽ എസ്റ്റേറ്റുകൾ അധികമുള്ളതുകൊണ്ട് ഇവിടെ തമ്പടിച്ചിരുന്ന കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി നാട്ടുകാർക്കും തോട്ടം തൊഴിലാളികൾക്കും ഭീഷണി സൃഷ്ടിക്കുന്നത്.
അഞ്ചുദിവസം മുന്പ് നെല്ലിഹുദിക്കേരി - അരക്കാട് റോഡിൽ ഇരുചക്രവാഹനത്തിന് നേരെ കാട്ടാന നടത്തിയ ആക്രമണത്തിൽ മലയാളിയായ റംഷാദ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാഹനം മറിച്ചിട്ട ഉടൻ റംഷാദ് ഓടി മാറി അദ്ഭുതകരമായി ഓടിരക്ഷപ്പെട്ടു. വാഹനം പൂർണമായും തകർത്ത ശേഷമാണു ആന പിന്മാറിയത്.