ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ പരാക്രമം
1416818
Wednesday, April 17, 2024 1:52 AM IST
ഇരിട്ടി: ആറളം ഫാമിലെ കൃഷിയിടത്തിൽ നിന്ന് കാട്ടാനക്കൂട്ടത്തെ പുറത്തേക്ക് തുരത്തി കൃഷിയിടം വൈദ്യുത വേലി സ്ഥാപിച്ച് സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കവെ തിരിച്ചടിയായി വീണ്ടും കാട്ടാനയുടെ പരാക്രമം.
കൃഷിയിടത്തിലേക്ക് വീണ്ടും തിരികെ പ്രവേശിക്കാൻ പുതുവഴി കണ്ടെത്തിയാണ് ആനക്കൂട്ടം തിരിച്ചടി നൽകിയത്. കൃഷിയിടത്തിലേക്കുള്ള സഞ്ചാരപാതയിൽ സ്ഥാപിച്ച വൈദ്യുതി വേലി മറികടക്കാൻ ആനകൾ പുഴ കടന്ന് ഓടന്തോട് പാലത്തിനടിയിലൂടെ കൃഷിയിടത്തിലേക്ക് പ്രവേശിച്ചു. ഫാം പ്രധാന ഓഫീസിനു സമീപത്തുകൂടി കൃഷിയിടത്തിൽ എത്തിയ ആനക്കൂട്ടം അഞ്ചാം ബ്ലോക്കിലെ ഓഫീസിനും തൊഴിലാളികളുടെ കഞ്ഞിപ്പുരയ്ക്കും നാശം വരുത്തി. മേഖലയിലെ തെങ്ങുകൾ കുത്തി വീഴ്ത്തിയ ആനക്കൂട്ടം സെൻട്രൽ നഴ്സറിയെ സംരക്ഷിക്കാൻ സ്ഥാപിച്ച വൈദ്യുതി വേലിയും തകർത്തു. നഴ്സറിയിൽ നിന്നും ഉയർന്ന വിലയ്ക്ക് വില്പന നടത്തേണ്ട അത്യുത്പാദന ശേഷിയുള്ള പ്ലാവിൻതൈകൾ വ്യാപകമായി നശിപ്പിച്ചു. 300 രൂപ മുതൽ 500 രൂപ വരെയുള്ള തൈകളാണു വ്യാപകമായി നശിപ്പിച്ചത്.
അതിനിടെ പുഴകടന്ന് ഓടന്തോട് പാലത്തിനടിയിലൂടെ ഫാമിലേക്ക് ആനകൾ വീണ്ടും എത്തുന്നത് തടയാൻ ഫാം അധികൃതർ നടപടി തുടങ്ങി. പാലത്തിന് അടിവശം വൈദ്യുതി വേലി സ്ഥാപിക്കാൻ നടപടി തുടങ്ങിയതായി ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിതീഷ് കുമാർ പറഞ്ഞു.