പയ്യാവൂർ ടൗണിൽ ‘സ്വകാര്യ കൊതുക് പ്രജനന കേന്ദ്രം’ !
1436921
Thursday, July 18, 2024 2:27 AM IST
പയ്യാവൂർ: ടൗണിന്റെ ഹൃദയഭാഗത്ത് മനുഷ്യനിർമിത കൊതുക് പ്രജനന കേന്ദ്രം നിലനിൽക്കുന്നത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വലിയ ദുരിതമാകുന്നു. ഏതാനും നാളുകളായി പ്രവർത്തനം നിലച്ച സ്വകാര്യ ഹൈപ്പർ മാർക്കറ്റിന്റെ വാഹന പാർക്കിംഗ് സ്ഥലമാണ് കൊതുകുകളുടെ താവളമായി മാറിയിട്ടുള്ളത്. ഹൈപ്പർമാർക്ക് പ്രവർത്തിച്ചിരുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും അടിയിലായി ഭൂനിരപ്പിൽ നിന്ന് പത്തടിയിലേറെ താഴ്ചയിലായിരുന്നു പാർക്കിംഗിനുള്ള സ്ഥലം സജ്ജമാക്കിയിരുന്നത്. മാർക്കറ്റ് അടച്ച്പൂട്ടിയ പ്രദേശം ഇവിടേക്ക് ആരും തിരിഞ്ഞു നോക്കാത്ത സ്ഥിതിയിലാണ്.
മഴക്കാലമായതോടെ ഇതിനുള്ളിൽ വെള്ളം നിറഞ്ഞ് വലിയൊരു കുളം പോലെയാണുള്ളത്. ഈ വെള്ളത്തിൽ കൊതുകുകൾ യഥേഷ്ടം മുട്ടയിട്ട് പെരുകുകയാണ്. ടൗണിലെത്തുന്നവർക്കും ടൗണിലെ വ്യാപരികൾക്കും കൊതുക് ശല്യം അസഹനീയമായിട്ടുണ്ട്. പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർക്ക് ഇക്കാര്യം അറിയുന്നതായ ഭാവം പോലുമില്ല. മാരകമായ വിവിധ പകർച്ചവ്യാധികൾക്ക് വഴിയൊരുക്കുന്ന ഈ കൊതുക് "പാർക്കിംഗ്' ജലസംഭരണി ഉടൻ തന്നെ ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾക്ക് ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്നാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.