വേദിയൊഴിഞ്ഞെങ്കിലും ആസ്വാദകരായി അവർ
1459130
Saturday, October 5, 2024 7:29 AM IST
കണ്ണൂർ: സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന്റെ ഒന്നാം വേദിയിൽ എച്ച്എസ്എസ് വിഭാഗം നാടോടി നൃത്തം തകൃതിയായി നടക്കുന്നു. ഈ സമയത്താണ് ഒരുകൂട്ടം യുവാക്കൾ കാണികളായെത്തുന്നത്. ഇവരുടെ കൂടെ തലശേരി അതിരൂപതയുടെ ആദം മിനിസ്ട്രി ഡയറക്ടറായ ഫാ. പ്രിയേഷ് കളരിമുറിയിലുമുണ്ട്. പരിപാടി ആസ്വദിക്കുന്നതോടൊപ്പം ഇവരെല്ലാം ആംഗ്യഭാഷയിൽ തങ്ങളുടെ കലോത്സ ഓർമകൾ ഫാ. പ്രിയേഷുമായി പങ്കുവയ്ക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഡഫ് അസോസിയേഷനിലെ ഇരുപത്തഞ്ചോളം യുവാക്കളാണ് ഇന്നലെ കലോത്സവം കാണാനെത്തിയത്. ഇവരിൽ വിവിധമേഖലകളിൽ ജോലി ചെയ്യുന്നവരും വിദ്യാർഥികളുമുണ്ട്. പലരും കലോത്സവ വേദികളിൽ തിളങ്ങി നിന്നവരാണ്. കണ്ണൂർ കാടാച്ചിറ സ്വദേശി ടി.വി.ആദർശ് തന്റെ സന്തോഷം മറച്ചുവച്ചില്ല.
കാസർഗോഡ് മാർത്തോമ സ്കൂളിലെ പഠനകാലത്ത് ആറാം ക്ലാസ് മുതൽ പ്ലസ്ടു വരെ മോണോ ആക്ടിലും സ്കിറ്റിലും തുടർച്ചയായി എ ഗ്രേഡ് ലഭിച്ചിട്ടുണ്ടെന്ന് ആംഗ്യ ഭാഷയിൽ ആദർശ് പറഞ്ഞു. എന്നാൽ, പ്ലസ്ടു കഴിഞ്ഞശേഷം തങ്ങൾക്ക് കലോത്സവവേദികളിൽ മത്സരിക്കാനുള്ള അവസരമുണ്ടാകുന്നില്ലെന്ന സങ്കടവും ആദർശ് പങ്കുവച്ചു.