വിശാൽ കൊലക്കേസിലെ പ്രതിയുടെ ജാമ്യം വിചാരണക്കോടതി റദ്ദുചെയ്തു
1245410
Saturday, December 3, 2022 11:07 PM IST
മാവേലിക്കര: ചെങ്ങന്നൂർ വിശാൽ കൊലക്കേസിലെ പ്രതിയുടെ ജാമ്യം വിചാരണ കോടതി റദ്ദ് ചെയ്തു. കേസിലെ എട്ടാം പ്രതിയും പോപ്പുലർ ഫ്രണ്ട് നേതാവുമായ ഹരിപ്പാട് ചെറുതന, കോടമ്പള്ളി തറയിൽ, അഷറഫിന്റെ മകൻ സനോജിന്റെ ജാമ്യമാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി എസ്.എസ്. സീന ആണ് റദ്ദ് ചെയ്തത്. തുടർന്ന് പ്രതിയെ മാവേലിക്കര സബ്ജയിലേക്ക് റിമാൻഡ് ചെയ്തു.
എബിവിപി പ്രവർത്തകനായിരുന്ന ചെങ്ങന്നൂർ കോട്ട ശ്രീശൈലം വീട്ടിൽ വിശാലിനെ 2012 ജൂലൈ പതിനാറാം തീയതി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിന്റെ മുന്നിൽ വച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യത്തിൽ കഴിഞ്ഞു വരികയായിരുന്നു.
സെപ്റ്റംബർ 23-ാം തീയതി പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട ഹർത്താലിനോട് അനുബന്ധിച്ചുള്ള അക്രമപ്രവർത്തനങ്ങൾക്കിടയിൽ പന്തളം മാർക്കറ്റിന് സമീപം കെഎസ്ആർടിസി ബസ് തകർക്കുകയും, ഡ്രൈവറുടെ കണ്ണിനു പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഉൾപ്പെട്ടതിനെത്തുടർന്ന് ഇയാൾക്കെതിരെ പന്തളം പോലീസ് കേസെടുത്തിരുന്നു. തുടർന്നു പ്രതിയുടെ ഇപ്രകാരമുള്ള പ്രവൃത്തി ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്ന ഇയാളുടെ ജാമ്യം അതുകൊണ്ടുതന്നെ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് കോടതിയെ സമീപിക്കുകയായിരുന്നു.
തീവ്രവാദ സ്വഭാവമുള്ള അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള പ്രതിക്ക് ക്രിമിനൽ നടപടി ചട്ടത്തിന് ജാമ്യത്തിൽ തുടരുന്നതിനുള്ള ആനുകൂല്യം അവകാശപ്പെടാനുള്ള അർഹതയില്ലെന്നും അതുകൊണ്ട് പ്രതിയുടെ ജാമ്യം അടിയന്തരമായി റദ്ദ് ചെയ്യണമെന്നും ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ട് അഡ്വ പ്രതാപ് ജി. പടിക്കലിന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്.
പ്രോസിക്യൂഷനുവേണ്ടി അഡ്വ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഡ്വ. ശ്രീദേവി പ്രതാപ്, അഡ്വ. ശില്പ ശിവൻ, അഡ്വ. ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരായത്..
ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അന്വേഷിച്ച കേസിൽ 89 സാക്ഷികളും 113 രേഖകളും 29 തൊണ്ടി സാധനങ്ങളുമാണ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. കൃത്യത്തിൽ ഉൾപ്പെട്ടവരും സഹായികളുമായി 20 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്.