വള്ളം കടലിൽ ഇറക്കുന്നതിനിടെ മറിഞ്ഞു; തൊഴിലാളികൾക്കു പരിക്ക്
1282643
Thursday, March 30, 2023 10:56 PM IST
അമ്പലപ്പുഴ: മത്സ്യബന്ധന വള്ളം കടലിൽ ഇറക്കുന്നതിനിടെ കൂറ്റൻ തിരമാലയിൽപ്പെട്ടു മറിഞ്ഞ് തൊഴിലാളികൾക്കു പരിക്കേറ്റു. വാടയ്ക്കൽ ഈരേശേരിൽ ടോമി (53), വാടയ്ക്കൽ മാവേലി തയ്യിൽ ആന്റണി (53) എന്നിവർക്കാണ് പരിക്കേറ്റത്.
വ്യാഴം പുലർച്ചെ 4.30 ന് വാടയ്ക്കൽ കടൽത്തീരത്തായിരുന്നു അപകടം.
ഏഴു തൊഴിലാളികളുമായി ഈരേശേരിൽ എന്ന വള്ളം കരയിൽനിന്ന് കടലിലേക്ക് തള്ളി ഇറക്കുമ്പോൾ കൂറ്റൻ തിരമാലയിലും കാറ്റിലും പെട്ട് തിരികെ കരയിലേക്ക് എത്തി മറിയുകയായിരുന്നു. ഇതിനിടെ കാല് വള്ളത്തിനടിയിൽപ്പെട്ടാണ് ഇരുവർക്കും പരിക്കേറ്റത്.
ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ തൊഴിലാളികൾക്ക് മത്സ്യഫെഡ് ചെയർമാന്റെ ദുരിതാശ്വാസ നിധിയിൽനിന്ന് 5000 രൂപ വീതം അടിയന്തര സഹായം നൽകി.