ട്രാന്‍സ്ഫോര്‍മറുകള്‍ ഉയര്‍ത്തി സ്ഥാപിക്കണം: വികസനസമിതി
1300146
Sunday, June 4, 2023 11:27 PM IST
എടത്വ: വെള്ളപ്പൊക്കത്തിന് മുമ്പ് അപകടസാഹചര്യത്തിലുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ ഉയര്‍ത്തി സ്ഥാപിക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപെട്ടു. കെഎസ്ഇബി എടത്വ സെക്ഷന്‍ പരിധിയില്‍പെട്ട പലസ്ഥലങ്ങളിലും ട്രാന്‍സ്ഫോര്‍മറുകള്‍ താഴ്ന്ന നിലയിലാണ്. വെള്ളപ്പൊക്ക സമയത്ത് ട്രാന്‍സ്ഫോര്‍മര്‍ വെള്ളത്തില്‍ മുട്ടി വൈദ്യുതി പ്രവഹിച്ച് ജീവഹാനി വരെ സംഭവിക്കാനും സാധ്യതയുണ്ട്. പാടശേഖര ഫോര്‍മറുകള്‍ ഉള്‍പ്പെടെ താഴ്ന്ന സ്ഥലങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്. കാലവര്‍ഷ കെടുതികള്‍ വരാനിരിക്കുന്ന സന്ദര്‍ഭത്തില്‍ ഫോര്മര് ഉയര്‍ത്തി സ്ഥാപിക്കാനുള്ള നടപടി വൈദ്യുത വകുപ്പ് സ്വീകരിക്കണം.
കൂടാതെ സബ് ട്രഷറി കെട്ടിടം നിര്‍മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം ആരംഭിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. എടത്വ പാലത്തിന് ഇരുവശങ്ങളിലായി നടപ്പാത നിര്‍മിക്കേണ്ടത് അനിവാര്യമാണ്. നിര്‍മാണത്തിന് മണ്ണ് പരിശോധന നടത്തിയത്തിയെങ്കിലും തുടര്‍ പ്രവര്‍ത്തനം പ്രഹസനമായി മാറിയിരിക്കുന്നു. അധികൃതര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് വികസന സമിതി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. രക്ഷാധികാരി ജോജി കരിക്കംപള്ളി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം അധ്യക്ഷത വഹിച്ചു.