ബീയാർ പ്രസാദ് അനുസ്മരണം 10ന്
1300149
Sunday, June 4, 2023 11:28 PM IST
ആലപ്പുഴ: ഗാനരചയിതാവ് ബീയാർ പ്രസാദ് സൗഹൃദ കൂട്ടായ്മയും കുട്ടനാട് തനിമയും ചേർന്ന് അനുസ്മരണ കൂട്ടായ്മയായ ബീയാറിൻ തീരത്ത് 10ന് നടത്തും. രാവിലെ 9.30ന് മങ്കൊമ്പ് തെക്കേക്കര ബ്രൂക്ക് ഷോർ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൂട്ടായ്മയുടെ ഭാഗമായി സാംസ്കാരിക സമ്മേളനം, പുസ്തക പ്രകാശനം, പുരസ്കാര സമർപ്പണം, കാവ്യാർച്ചന തുടങ്ങിയവ നടക്കും. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ തുടങ്ങി രാവിലെ 10 ന് കാവാലം ബാലചന്ദ്രൻ, ഡോ. നെടുമുടി ഹരികുമാർ, എം. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. ബീയാർ പ്രകാശനം ചെയ്യാനാഗ്രഹിച്ചിരുന്ന ജോസ്ലെറ്റ് ജോസഫിന്റെ ടൈപ്പ് റൈറ്റർ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തും. ഉച്ചയ്ക്ക് രണ്ട് മുതൽ ബീയാറിന്റെ സർഗ വിസ്മയം പരിപാടി. വൈകുന്നേരം 4.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ബീയാർ പ്രസാദിനുള്ള മരണാന്തര ബഹുമതി ഭാര്യ വിധു പ്രസാദിന് സമ്മാനിക്കും. ചലച്ചിത്ര സംവിധായകൻ ടി. കെ. രാജീവ് കുമാർ, കാവാലം ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.