ആലപ്പുഴ: വില്ലേജ് ഓഫീസുകളില്‍നിന്നുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുമെന്ന് റവന്യുമന്ത്രി കെ.രാജന്. നാലു വര്‍ഷത്തിനുള്ളില്‍ സേവനങ്ങള്‍ക്കായി ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യം ഇല്ലാതാക്കാനും സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനുമാണ് സര്‍ക്കാരും റവന്യു വകുപ്പും ശ്രമിക്കുന്നത്.
വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനായി സംസ്ഥാനത്തുടനീളം 1342 ഓഫീസുകളില്‍ ഓരോ ജീവനക്കാരനെ അധികമായി നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണമംഗലം, കറ്റാനം, ഭരണിക്കാവ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ ഏഴു സേവനങ്ങള്‍ വില്ലേജ് ഓഫീസുകളില്‍നിന്നും ഓണ്‍ലൈനായി ലഭിക്കുന്നുണ്ട്. ഇതിനു പുറമേ 20 സേവനങ്ങള്‍കൂടി ഓണ്‍ലൈനില്‍ ലഭ്യമാക്കും. ഇതോടെ ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും സേവനങ്ങളും വില്ലേജ് ഓഫീസുകളില്‍നിന്ന് അനായാസം ലഭിക്കും.
കേരളത്തിലെ 1646 വില്ലേജ് ഓഫീസുകള്‍ ഇതിനകം സ്മാര്‍ട്ടാക്കി. എല്ലാ ഓഫീസുകളും സ്മാര്‍ട്ടാക്കാനാണ് ലക്ഷ്യമിടുന്നത്.സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ എട്ട് മാസങ്ങള്‍ കൊണ്ട് 1.42 ലക്ഷം ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായി.
ഓരോ ഭൂമിയുടെയും അതിരുകള്‍ റിക്കോര്‍ഡ് ചെയ്ത് ഡിജിറ്റല്‍ വേലി സൃഷ്ടിക്കും. പൊതുജനങ്ങള്‍ക്ക് ഇവ ഓണ്‍ലൈനായി ലഭ്യമാക്കും. വില്ലേജ് തല ജനകീയ സമിതികള്‍ക്ക് റവന്യു വകുപ്പിന്റെ ചട്ടങ്ങളും നിയമങ്ങളും വ്യക്തമായി മനസിലാക്കാനായി പ്രത്യേക റവന്യു വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കണ്ണമംഗലം, കറ്റാനം, ഭരണിക്കാവ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നിര്‍മിച്ചത്. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല.
ഭരണിക്കാവ് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ യു. പ്രതിഭ എംഎല്‍എ അധ്യക്ഷയായി.
ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നികേഷ് തമ്പി, കെ.ജി. സന്തോഷ്, ജി.ആതിര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. രജനി, ഇന്ദിരാ ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ശ്യാമളാദേവി, കെ. പ്രദീപ് കുമാര്‍, തദ്ദേശസ്ഥാപന അധ്യക്ഷരായ കെ.വി. ശ്രീകുമാര്‍, കെ. ദീപ, എ. സുധാകരക്കുറുപ്പ്, എഡിഎം എസ്. സന്തോഷ് കുമാര്‍, നിര്‍മിതി കേന്ദ്രം റീജണല്‍ എന്‍ജിനിയര്‍ ജോസ് ജെ. മാത്യു, ആര്‍ഡിഒ എസ്. സുമ, തഹസില്‍ദാര്‍ ഡി.സി. ദിലീപ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.