ആന്റണി രത്നസ്വാമി മരിയസഖ്യത്തിന് കേരളത്തില്‍ അടിത്തറ പാകിയ കര്‍മയോഗി: ബിഷപ് ആനാപറമ്പില്‍
1581325
Monday, August 4, 2025 11:24 PM IST
ആലപ്പുഴ: മരിയ ഭക്തിയുടെ ജ്വലിക്കുന്ന പ്രകാശമായി ലോകമെങ്ങും പടര്‍ന്നു കിടക്കുന്ന ഭക്തസംഘടനയായ ലിജിയന്‍ ഓഫ് മേരി(മരിയ സഖ്യം)ക്ക് കേരളസഭയില്‍ അടിത്തറപാകിയ കര്‍മയോഗിയായിരുന്നു ആന്റണി രത്നസ്വാമിയെന്ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍.
ചങ്ങനാശേരി, വിജയപുരം, പാലാ രൂപതകളില്‍ കേരള എന്‍വോയ് എന്ന നിലയില്രത്നസ്വാമി ചെയ്ത സേവനങ്ങള്‍ നിസ്തുലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആന്റണി രത്നസ്വാമി സ്മാരകസമിതി മൗണ്ട് കാര്‍മല്‍ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ സംഘടിപ്പിച്ച രത്നസ്വാമി ജന്മശതാബ്ദിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രത്നസ്വാമിയുടെ ത്യാഗപൂര്‍ണമായ സേവനങ്ങള്‍ മരിയ ഭക്തര്‍ക്ക് എന്നും വഴി കാട്ടിയായിരിക്കുമെന്ന് വിജയപുരം രൂപത സഹായമെത്രാന്‍ ഡോ. ജസ്റ്റിന് മഠത്തില്പറമ്പില്അനുസ്മരണാ പ്രസംഗത്തില്‍ പറഞ്ഞു.
ഡോ. കെ.എസ്. മനോജിന്റെ അധ്യക്ഷതയില്‍ ആലപ്പുഴ രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍, ഫൊറോനാ വികാരി ഫാ. ഫ്രാന്‍സിസ് കൊടിയനാട്, വിജയപുരം രൂപത ലീജിയന് ഓഫ് മേരി ആധ്യാത്മിക നിയന്താവ് ഫാ. ജോര്‍ജ് ലോബോ, നഗരസഭാ പ്രതിപക്ഷ നേതാവ് റീഗോ രാജു, ജസ്റ്റിന് ബ്രൂസ്, ടോമി രത്തിനം, ഡോ. അധീന മിനി അഗസ്റ്റിന്, ഡോ. ഫ്രഡറിക് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍ രചിച്ച, എ. രത്നസ്വാമി മലയാളക്കരയുടെ മരിയ സൈനികന് എന്ന ഗ്രന്ഥം ബിഷപ് ആനാപറമ്പില്‍ പ്രകാശനം ചെയ്തു.