പരുമലയെ കായിക ഹബ്ബാക്കുമെന്ന്
1580569
Saturday, August 2, 2025 12:03 AM IST
മാന്നാർ: പരുമലയെ കായിക ഹബ്ബാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഡിസി. ഒരു വർഷം മുൻപ് പരുമലയിലെയും പരിസര പ്രദേശങ്ങളിലെയും അൻപതോളം യുവാക്കൾ ചേർന്നാണ് പരുമല ഡെയ്ലി ക്രിക്കറ്റ് (ഡിസി) രൂപീകരിച്ചത്.
ക്രിക്കറ്റ് കളിയിൽ അഭിരുചിയുള്ള യുവാക്കളെ കണ്ടെത്തി പരിശീലിപ്പിക്കുക, പ്രമുഖ ടീമുകളെ ഉൾക്കൊള്ളിച്ച് ടൂർണമെന്റുകൾ സംഘടിപ്പിക്കുക എന്നിവയോടൊപ്പം യുവാക്കൾ ലഹരിക്കടിമയാകാതെ ഒരു പുത്തൻ യുവജന കൂട്ടായ്മ വളർത്തിയെടുക്കുകയുമായിരുന്നു ഡിസിയുടെ ലക്ഷ്യം. ഇവയൊക്കെ ലക്ഷ്യം കണ്ടപ്പോൾ ഫുട്ബോൾ, കബഡി ഉൾപ്പടെയുള്ള മറ്റിനങ്ങളും പരിശീലിപ്പിച്ച് ഒരു കായിക ഹബ്ബാക്കി പരുമലയെ മാറ്റാനാണ് ഡിസിയുടെ അടുത്ത ശ്രമം.
പരുമല പമ്പാ കോളജ് ഗ്രൗണ്ടാണ് ഇതിനായി ഉപയോഗിച്ചുവരുന്നത്. ഡിസിയുടെ ഒന്നാം വാർഷികവും പുതിയ ജേഴ്സിയുടെ പ്രകാശനവും നടന്നു. ഇവയുടെ ഉദ്ഘാടനം പരുമല പമ്പാ കോളജ് പ്രിൻസിപ്പൽ ഡോ. എസ്. സുരേഷ് നിർവഹിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളനത്തിൽ ഡിസി പ്രസിഡന്റ് ബാലു ടി. ബാബു അധ്യക്ഷനായിരുന്നു. വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി ഡൊമിനിക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
വി.എസ്. സോണി, പി.ടി. ജിജോ, ഷബീർ അലി, വിജിൽ വർഗീസ്, എം.കെ. സാജൻ, ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു.