ആശുപത്രി സൗകര്യത്തിൽ ചെങ്ങന്നൂരിന്റെ മുഖം മാറുന്നു
1580152
Thursday, July 31, 2025 6:15 AM IST
ചെങ്ങന്നൂർ: ആതുര സേവനരംഗത്ത് ഒരു പുതിയ തിളക്കവുമായി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയുടെ ആധുനിക കെട്ടിടസമുച്ചയം ഡിസംബറിൽ നാടിന് സമർപ്പിക്കും. 100 കോടിയുടെ കിഫ്ബി ഫണ്ടിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണം 90 ശതമാനം പൂർത്തിയായി.
മികച്ച ചികിത്സാസൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നു. രണ്ടര ഏക്കർ സ്ഥലത്ത് ഏഴു നിലകളിലായി 1,25,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഇതിൽ ഒരു നില അണ്ടർ ഗ്രൗണ്ടാണ്.
ആധുനിക സൗകര്യങ്ങൾ
ഓരോ വിഭാഗത്തിനും ആധുനിക മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. എല്ലാ നിലകളുടെയും തേപ്പുജോലികളും വെള്ളപൂശലും കഴിഞ്ഞു. ജനലുകളും പിടിപ്പിച്ചു. ടൈൽസ് വർക്ക്, ഫയർ വർക്ക്, ലിഫ്റ്റ് വർക്ക്, ഗ്ലാസ് വർക്ക്, പെയിന്റിംഗ്, ഇലക്ട്രിക് ജോലികൾ അന്തിമ ഘട്ടത്തിലാണെന്ന് നിർമാണം നടത്തുന്ന ഹെതർ കൺസ്ട്രക്ഷൻ കമ്പനി ഡിജിഎം ബിജു അറിയിച്ചു. 140 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ആവശ്യമായ ആശുപത്രി ഉപകരണങ്ങൾ വാങ്ങാൻ കേരള മെഡിക്കൽ സർവീസ് കോർപറേഷന് ഓർഡർ നൽകിക്കഴിഞ്ഞു.
മാതൃശിശു ആശുപത്രിയെയും ജില്ലാ ആശുപത്രിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റാമ്പിന് റൂഫ് നിർമിക്കും. ഓഫീസ് റൂം പ്രവർത്തനങ്ങൾക്കു കൂടുതൽ സ്ഥലം ലഭിക്കും. ഇതോടെ ചെങ്ങന്നൂർ ജില്ലാ ആശുപത്രി ഏറ്റവും സൗകര്യമുള്ള ആശുപത്രികളിലൊന്നായി മാറും.