കെസിഎൽ 2025: ആലപ്പി റിപ്പിൾസിന്റെ ആദ്യ മത്സരം തൃശൂർ ടൈറ്റൻസിനെതിരേ
1580151
Thursday, July 31, 2025 6:15 AM IST
ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസൺ ഓഗസ്റ്റ് 21ന് തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ കൊടിയേറും. വൻ മാറ്റങ്ങളോടെ അങ്കത്തിന് തയാറായി ആലപ്പുഴയുടെ സ്വന്തം ടീം ആലപ്പി റിപ്പിൾസും പുതിയ സീസണിനായി ഒരുങ്ങിയിരിക്കുകയാണ്. രണ്ടാംദിനമായ ഓഗസ്റ്റ് 22ന് ഉച്ചകഴിഞ്ഞ് 2.30ന് തൃശൂർ ടൈറ്റൻസുമായുള്ള പോരാട്ടത്തോടെ ആലപ്പി കെസിഎൽ രണ്ടാം സീസണിൽ തുടക്കം കുറിക്കും.
ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്, വിഗ്നേഷ് പുത്തൂര്‍ പോലുള്ള മുൻനിര താരങ്ങളെ നിലനിർത്തിയും താരലേലത്തിൽ ജലജ് സക്സേന, എൻ.പി. ബേസിൽ, ശ്രീഹരി എസ്. നായർ ഉൾപ്പെടയുള്ള മികച്ച താരങ്ങളെ സ്വന്തമാക്കിയുമാണ് ആലപ്പി റിപ്പിൾസ് ടീമിനെ ഒരുക്കിയിരിക്കുന്നത്.
ലീഗ് റൗണ്ടിൽ പത്ത് മത്സരങ്ങളാണ് ഒരു ടീമിനുള്ളത്. റിപ്പിൾസിന്റെ രണ്ടാം മത്സരം ഓഗസ്റ്റ് 23ന് 2.30ന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായിട്ടാണ്. ഓഗസ്റ്റ് 25ന് വൈകുന്നേരം 6.45ന് ട്രിവാൻഡ്രം റോയൽസുമായും ഓഗസ്റ്റ് 26ന് ഇതേ സമയത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസുമായും റിപ്പിൾസ് ഏറ്റുമുട്ടും. ഏരീസ് കൊല്ലം സെയ്ലേഴ്സുമായി ഓഗസ്റ്റ് 28ന് വൈകുന്നേരം 6.45നും ഓഗസ്റ്റ് 29ന് വൈകുന്നേരം 6.45ന് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസുമായും ആലപ്പിയുടെ മത്സരം നടക്കും.
ഓഗസ്റ്റ് 31ന് വൈകുന്നേരം 6.45ന് കൊച്ചി ബ്ലൂ ടൈഗേഴ്സിനെയും സെപ്റ്റംബര്‍ ഒന്നിന് 2.30ന് തൃശൂർ ടൈറ്റൻസിനെയും നേരിടും. സെപ്റ്റംബര്‍ മൂന്നിന് ട്രിവാൻഡ്രം റോയൽസുമായുള്ള മത്സരം ഉച്ചകഴിഞ്ഞ് 2.30നാണ്. ലീഗിലെ അവസാന ഗ്രൂപ്പ് മത്സരദിനത്തിൽ സെപ്റ്റംബര്‍ നാലിന് ആലപ്പി റിപ്പിൾസ് ഏരീസ് കൊല്ലം സെയ്ലേഴ്സിനെ ഉച്ചകഴിഞ്ഞ് 2.30ന് നേരിടും.
സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന സെമിഫൈനൽ മത്സരങ്ങളിലെ വിജയികൾ സെപ്റ്റംബര്‍ ആറിനു നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.