മാലിന്യം പാടത്ത് തള്ളിയ നിലയില്‍
1579566
Tuesday, July 29, 2025 12:22 AM IST
എടത്വ: ഇരുളിന്റെ മറവില്‍ ചാക്കുകളില്‍ നിറച്ച് മാലിന്യം പാടത്ത് തള്ളി. എടത്വ-തകഴി സംസ്ഥാന പാതയില്‍ കേളമംഗലം നന്ത്യാട്ടുകരി പാടത്താണ് ചാക്കില്‍ നിറച്ച് മാലിന്യം തള്ളിയത്. പാടത്തിന്റെ ഒരു സ്ഥലത്തായി കുട്ടിയിടാതെ 50 മീറ്റര്‍ ദൂരത്തില്‍ നിരയായാണ് ഇട്ടിരിക്കുന്നത്. രാത്രിയില്‍ വാഹനത്തില്‍ എത്തിയശേഷം വലിച്ചെറിഞ്ഞതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊട്ടിയ ചാക്കില്‍നിന്ന് സ്ഥാപനത്തിന്റെ ബില്ലുകളും കണ്ടിരുന്നു.
കൃഷി ആരംഭിക്കുന്നതോടെ മാലിന്യം കര്‍ഷകര്‍ക്കു ഭീഷണിയാകും. ഒട്ടുമിക്ക ചാക്കുകളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ആഴ്ചകള്‍ക്കു മുന്‍പ് ഇതേ സ്ഥലത്ത് ശുചിമുറി മാലിന്യവും ഒഴുക്കിയിരുന്നു. ദുര്‍ഗന്ധം പരക്കുന്നതു കണ്ടാണ് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ജലജന്യരോഗങ്ങള്‍ക്കെതിരേ കര്‍ശന നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മുന്നിട്ടിറങ്ങുമ്പോഴും ശുചിമുറി മാലിന്യങ്ങള്‍ ഉള്‍പ്പെടെ പാടത്തേക്ക് തള്ളുകയാണ്.
പ്രദേശത്ത് വൈദ്യുതിവിളക്കുണ്ടെങ്കിലും രാത്രികാലങ്ങളില്‍ പ്രകാശിക്കാറില്ല. ടൈമര്‍ ഘടിപ്പിച്ച വഴിവിളക്ക് രാത്രി 8ന് അണയുകയും രാവിലെ 5ന് തെളിയുകയുമാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മുന്‍പ് രാത്രികാലങ്ങളില്‍ തെളിഞ്ഞിരുന്ന വൈദ്യുതിവിളക്കാണ് പിന്നീട് പകല്‍ തെളിയാന്‍ തുടങ്ങിയത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ടൈമര്‍ വിളക്ക് ശരിയാക്കിയെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെ വീണ്ടും പഴയ അവസ്ഥയിലെത്തി. പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.