വേമ്പനാട് കായല്‍ : ജലവാഹകശേഷി വര്‍ധിപ്പിക്കണം: ഡോ. കെ.സി. ജോസഫ്
1578790
Friday, July 25, 2025 11:40 PM IST
കുട്ടനാട്: വേമ്പനാട് കായലിന്റെയും ഇതര ജലാശയങ്ങളുടെയും ജലവാഹകശേഷി നഷ്ടപ്പെട്ടതിനാല്‍ ജലാശയങ്ങളുടെ ആഴം വര്‍ധിപ്പിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഡോ. കെ.സി. ജോസഫ്. വേനല്‍ക്കാലത്ത് വേലിയേറ്റംമൂലം കുട്ടനാട്ടിലെ വീടുകളില്‍ വെള്ളം കയറുന്നത് പതിവായിരിക്കുകയാണ്. പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളില്നിന്നുള്ള ജലത്തിന്റെ വരവ്, അണക്കെട്ടുകള്‍ തുറക്കുമ്പോഴുണ്ടാകുന്ന പ്രളയജലം വരവ് എന്നിവ കാരണം ഏറെക്കുറെ 9 മാസക്കാലം കുട്ടനാട് വെള്ളക്കെട്ടിലാകുന്ന സ്ഥിതിയാണുള്ളത്.
ഈ സാഹചര്യത്തില്‍ 1924 ലെയും 2018 ലെയും മഹാപ്രളയത്തില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് വേമ്പനാട് കായലിന്റെ വാഹകശേഷി വര്‍ധിപ്പിക്കുകയും മറ്റു ജലാശയങ്ങളുടെ ആഴം കൂട്ടുകയും ചെയ്യുന്നതിന് സമഗ്ര പദ്ധതി തയാറാക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തോട്ടപ്പള്ളി സ്പില്‍വേ സംബന്ധിച്ച് ചെന്നൈ ഐഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സര്‍വ കക്ഷി യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
ജനാധിപത്യ കേരള കോണ്‍ഗ്രസ് സംഘടിപ്പിച്ച "കുട്ടനാട് - വികസന പ്രതിസന്ധി' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചാ ക്ലാസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ജേക്കബ് അധ്യക്ഷനായി.
തോമസ് ജോസഫ് ഇല്ലിക്കല്‍, സാജന് സെബാസ്റ്റ്യന്‍, തോമസ് കോര, ഷിബു മണല, ബേബി ചെറിയാന്, ബാബു മണ്ണാംതുരുത്തി, ബോബന് ചൂരക്കുറ്റി, മണിദാസ് വാസു, റോജി മണല, തോമസുകുട്ടി മുക്കം എന്നിവര്‍ പ്രസംഗിച്ചു.