കാർത്തികപ്പള്ളിയിലെ സംഘർഷം; സിപിഎമ്മും പോലീസും നടത്തിയ ഒത്തുകളിയെന്ന് കോൺഗ്രസ്
1578036
Wednesday, July 23, 2025 12:05 AM IST
ഹരിപ്പാട്: കാർത്തികപ്പള്ളിയിൽ സ്കൂൾ കെട്ടിടം തകർന്നു വീണതിനെത്തുടർന്ന് യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടാക്കാൻ പോലീസും സിപിഎമ്മും ചേർന്ന് ഒത്തുകളി നടത്തുകയായിരുന്നുവെന്ന് കോൺഗ്രസ് കാർത്തികപ്പള്ളി, ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റികൾ അരോപിച്ചു.
നൂറ്റിയൻപതോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടും പോലീസ് ബാരിക്കേഡ് സ്ഥാപിക്കുകയോ മറ്റു സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയോ ചെയ്യാതെ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു സമരക്കാർക്കു നേരെ അക്രമം നടത്താൻ വഴിയൊരുക്കുകയായിരുന്നു.
വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ച് കുറ്റകാർക്കെതിരേ നടപടി സ്വീകരിക്കാത്തപക്ഷം അനിശ്ചിതകാല സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരായ ഷംസുദീൻ കായിപ്പുറം, കെ.കെ. സുരേന്ദ്രനാഥ് എന്നിവർ അറിയിച്ചു.