കെ.പി. സത്യകീര്ത്തിക്കും പറയാനുണ്ട്, വി.എസിന്റെ ഹൃദ്യസൗഹൃദത്തിന്റെ കഥ
1578026
Wednesday, July 23, 2025 12:05 AM IST
അമ്പലപ്പുഴ: വി.എസ്. അച്യുതാനന്ദന്റെ സൗഹൃദബന്ധത്തിന്റെ കഥ കെ.പി. സത്യകീര്ത്തിക്കും പറയാനേറെയുണ്ട്. തന്റെ അച്ഛന് അസംബ്ലി പ്രഭാകരനുമായുള്ള സൗഹൃദമാണ് വി.എസുമായിട്ടുള്ളത്. പുന്നപ്ര സമരസേനാനി പുന്നപ്ര വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കുരുമ്പേവെളി പ്രഭാകരന്റെ പേരിനുമുമ്പില് അസംബ്ലി എന്നുകൂടി ചേര്‍ത്തത് വി.എസ്. അച്യുതാനന്ദനാണ്.
തിരുകൊച്ചി നിയമസഭയില്‍ തൊഴിലാളി വിരുദ്ധ ബില്ല് പാസാക്കുന്നതിനെതിരെ പ്രതിഷേധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. എന്നാല്‍, നിയമസഭയ്ക്കുള്ളില്‍ കടന്നുകൂടാന്‍ ആരും ധൈര്യപ്പെട്ടില്ല. തുടര്‍ന്ന് പ്രഭാകരന് ഉള്‍പ്പെടെ മൂന്നംഗസംഘം നിയമസഭയ്ക്കുള്ളില്‍ കയറാന്‍ തീരുമാനിച്ചു. പ്രതിഷേധം കടുപ്പിക്കാനായി പ്രഭാകരന് രക്തപതാകയും ഒളിപ്പിച്ചിരുന്നു. ബില്ല് പാസാക്കുന്നതിനിടെ പ്രഭാകരന് രക്തപതാക ഉയര്‍ത്തിവീശി നിയമസഭയ്ക്കുള്ളില്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലായ പ്രഭാകരന് ഉള്‍പ്പെടെയുള്ളവര്‍ കൊടിയ പോലീസ് മര്‍ദനത്തിരയായി. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ അസംബ്ലി പ്രഭാകരനെന്ന് പേരുവിളിച്ചാണ് വി.എസ് സ്വീകരിച്ചത്.
പിന്നീട് അദ്ദേഹം അറിയപ്പെട്ടിരുന്നത് അസംബ്ലി പ്രഭാകരന് എന്നാണ്. 1983 ല്‍ അസംബ്ലി പ്രഭാകരന് മരിച്ചു. തുടര്‍ന്നാണ് മകന് കെ.പി. സത്യകീര്‍ത്തി പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. വി.എസിന്റെ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. വി.എസ് തിരുവനന്തപുരത്ത് താമസമാക്കിയശേഷവും ആ സൗഹൃദം തുടര്‍ന്നുപോന്നു. 2000 മുതല്‍ 2005 വരെ പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. തുടര്‍ന്നുള്ള അഞ്ചു വര്‍ഷം പഞ്ചായത്ത് അംഗമായിരുന്നു. നിലവില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം, കര്‍ഷകത്തൊഴിലാളി യൂണിയന്, ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു