ശബരി റെയില്‍വേ: പാര്‍ലമെന്റില്‍ എംപിമാര്‍ ചോദ്യങ്ങള്‍ ഉന്നയിക്കും
1578032
Wednesday, July 23, 2025 12:05 AM IST
കോട്ടയം: നിര്‍ദിഷ്ട ശബരി റെയില്‍വേ പദ്ധതിയിലേക്ക് സ്ഥലം ഏറ്റെടുക്കലും നിര്‍മാണ ജോലികളും അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടറിയാന്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ റെയില്‍വേ മന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിക്കും.
ശബരി പദ്ധതിക്ക് നിര്‍ദേശം നല്കാന് റെയില്‍വേ സംഘം നടത്താനിരുന്ന സന്ദര്‍ശനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് എംപിമാര്‍ ഇടപെടുന്നത്. പദ്ധതിയുടെ ചെലവ് പൂര്‍ണമായി കേന്ദ്രം വഹിക്കുമോ അതല്ലെങ്കില്‍ എത്ര തുക മുടക്കും എന്നതാണ് ഒരു ചോദ്യം. സംസ്ഥാന സര്‍ക്കാരും എംപിമാരും ആവശ്യപ്പെട്ടതനുസരിച്ചാണ് മുന്‍പ് കേന്ദ്രം മരവിപ്പിച്ച അങ്കമാലി-എരുമേലി ശബരി പദ്ധതി നടപ്പാക്കാന്‍ അടുത്തയിടെ തീരുമാനമായത്.
ഇതിനുശേഷം നടപടികള്‍ എത്ര മുന്നോട്ടു നീങ്ങി എന്നതാണ് മറ്റൊരു ചോദ്യം. പദ്ധതിയിലേക്ക് 70 കിലോമീറ്റര്‍ ദൂരം സ്ഥലം 2025ല്‍ ഏറ്റെടുത്തിരുന്നു. ഇവിടെ സ്ഥലം ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്കാന് എന്തു നടപടിയെടുക്കും എന്നതാണ് മൂന്നാമത്തെ ചോദ്യം.
ബെന്നി ബഹനാന്, ഡീന്‍ കുര്യാക്കോസ്, അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നിവരാണ് ലോക്സഭയില്‍ നാളെ ചോദ്യങ്ങള്‍ ഉന്നയിക്കുക.
പെരുമ്പാവൂര്‍, തൊടുപുഴ, പാലാ, എരുമേലി എന്നിവിടങ്ങളിലാണ് അടിയന്തരമായി ഓഫീസുകള്‍ തുറക്കേണ്ടത്.