ആലപ്പുഴയുടെ വിപ്ലവമണ്ണിന് തീരാനഷ്ടം: സിപിഐ
1578027
Wednesday, July 23, 2025 12:05 AM IST
ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്റെ വിയോഗം വിപ്ലവ ഭൂമിയായ ആലപ്പുഴയ്ക്ക് തീരാനഷ്ടമാണെന്ന് സിപിഐ ജില്ലാ കൗൺസിൽ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു. തൊഴിലാളി സമരങ്ങളുടെ ഈറ്റില്ലമായ ആലപ്പുഴയിലെ ഒരു സാധാരണ കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച വി.എസ് പിന്നീട് പുന്നപ്ര-വയലാർ അടക്കമുള്ള പോരാട്ടങ്ങളുടെ മുന്നണി പോരാളിയായി. സിപിഎമ്മിനും ഇടതുപക്ഷത്തിനും ഒപ്പം കേരളത്തിന്റെ പൊതു സമൂഹത്തിനൊന്നാകെ പകരം വെക്കാനാവാത്ത സംഭാവനകളാണ് വി.എസ് നൽകിയത്.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം പൊളിറ്റ് ബ്യുറോ അംഗം, കേന്ദ്ര കമ്മിറ്റി അംഗം, എൽഡിഎഫ് കൺവീനർ എന്നീ നിലകളിലെല്ലാം പ്രവർത്തിക്കുമ്പോഴും ജില്ലയിലെ വിവിധ വിഷയങ്ങളിൽ നിതാന്ത ശ്രദ്ധ ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
രാഷ്ട്രീയത്തിന് അതീതമായി നീതി നിഷേധങ്ങൾക്കെതിരേ എന്നും ശക്തവും യുക്തവുമായ പ്രതിരോധമുയർത്തിയ നേതാവായിരുന്നു വി.എസ്. സാധാരണക്കാരന്റെ ഭാഷയിൽ തന്നെ അവരോട് സംവദിച്ച് ഒട്ടനവധി വിഷയങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്ന സഖാവിന്റെ ശൈലി ഏറെ സ്വീകാര്യത പൊതുസമൂഹത്തിൽ ഉണ്ടാക്കി. ഒരു ഭരണാധികാരി എന്ന നിലയിൽ ജില്ലയുടെ സമഗ്ര വികസനത്തിന് വി.എസ് നൽകിയ സംഭാവനകൾ ചെറുതല്ല. ജീവിതകാലത്തിനുടനീളം ആദർശ വിശുദ്ധിയും കമ്മ്യുണിസ്റ്റ് ശൈലിയും കാത്ത് സൂക്ഷിച്ച വി എസിന്റെ വിയോഗം പുരോഗമന വിപ്ലവ പ്രസ്ഥാനങ്ങൾക്ക് എന്നും ഒരു തീരാനഷ്ടമായി നിലനിൽക്കും.