സരസമ്മയ്ക്ക് വാക്കുകൾ ഇടറുന്നു...
1577798
Monday, July 21, 2025 11:22 PM IST
അമ്പലപ്പുഴ: സാധാരണക്കാര്‍ക്ക് കയറിച്ചെല്ലാനൊരിടമാണ് നഷ്ടമായത്. വി.എസ്. അച്യുതാനന്ദന്റെ വേര്‍പാടില്‍ പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കുപ്പിശേരിയില് പരേതനായ ആര്. സുഗുണന്റെ ഭാര്യ സരസമ്മയ്ക്ക് വാക്കുകള്‍ ഇടറി. കര്‍ഷകത്തൊഴിലാളിയായ സരസമ്മയുടെ പേരിനോടൊപ്പം നേതാവെന്ന പേരുലഭിച്ചത് പുന്നപ്രയില്‍ എത്തിയതിനു ശേഷമാണ്.
കാര്ത്തികപ്പള്ളിയില്നിന്നു കൈതവനയിലെ കമ്യൂണിസ്റ്റ് കുടുംബത്തിലേക്ക് വിവാഹം ചെയ്തുകൊണ്ടുവരുമ്പോഴും കുട്ടിക്കാലം മുതല്‍ മാതാപിതാക്കളില്‍നിന്നു കേട്ടിരുന്ന വി.എസിനെ കാണണമെന്നായിരുന്നു. പിന്നീട് മിച്ചഭൂമി സമരത്തിലും വെട്ടിനിരത്തലിലും വി.എസിന്റെ നേതൃത്വത്തോടൊപ്പം സജീവമായി പ്രവര്‍ത്തിച്ചു. എംഎല്‍എ ആയത് മുതല്‍ മുഖ്യമന്ത്രി സ്ഥാനം വഹിച്ചപ്പോഴും സാധാരണക്കാര്‍ക്ക് കയറിച്ചെല്ലുന്നകാര്യത്തില് വി.എസിന് ഒരേ കാഴ്ചപ്പാടായിരുന്നു. വി.എസിന്റെ സഹോദരി കര്‍ഷകത്തൊഴിലാളിയായിരുന്ന ആഴിക്കുട്ടി ചേച്ചിയുമായി സരസമ്മയ്ക്ക് അടുത്ത സുഹൃദ് ബന്ധമായിരുന്നു.
ഈ ബന്ധം രാഷ്ട്രീയകാര്യത്തിലും ഒരുപാട് പ്രയോജനപ്പെട്ടു. പാര്‍ട്ടി സംബന്ധമായ പല കാര്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ തേടിയിരുന്നു. പാര്‍ട്ടി കീഴ്വഴക്കങ്ങള് പാലിച്ചായിരുന്നു അഭിപ്രായങ്ങള്‍ തേടിയിരുന്നത്. വി എസ് ആശുപത്രിയിലാണെന്നറിഞ്ഞെങ്കിലും നാടിനെ വിട്ടുപോകുമെന്നറിഞ്ഞില്ല. ഭര്‍ത്താവ് സുഗുണന്റെ വേര്‍പാടിനുശേഷം സരസമ്മയും പ്രായാധിക്യരോത്തോടെ വീടിനുള്ളില്‍ വി.എസിന്റെ വേര്‍പാടറിഞ്ഞ് വിങ്ങലോടെ കഴിയുകയാണ്. മരിച്ചെങ്കിലും ഞങ്ങളുടെ ഹൃദയങ്ങളില്‍ വി.എസ് ജീവനോടെ തന്നെ ഉണ്ടാവുമെന്ന് സമരാവേശത്തോടെ പറയുമ്പോള്‍ കണ്ണീര്പ്പൊഴിഞ്ഞു.