ഇനി കനലെരിയും ഓർമ...
1577796
Monday, July 21, 2025 11:22 PM IST
ലളിതമായ വിവാഹം, വീട് മകൻ ജനിച്ചതിനുശേഷം
ആലപ്പുഴ: ജീവിതം പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടതാണെന്ന ചിന്തയുള്ള വി.എസിന്റെ വിവാഹം തികച്ചും ലളിതമായിരുന്നു. അന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി കൂടിയായിരുന്നു വി.എസ്. ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തിലായിരുന്നു വിവാഹച്ചടങ്ങ്. വധൂവരന്മാര് പരസ്പരം മാലചാര്ത്തിയതു മാത്രമായിരുന്നു ഔപചാരികമായ ചടങ്ങ്. സാധാരണ യുവാക്കള്‍ 25-30 വയസിനുള്ളില്‍ത്തന്നെ വിവാഹിതരാകുന്ന രീതിയായിരുന്നു അന്ന്.
1967 ഫെബ്രുവരി 21ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു വി.എസ് അമ്പലപ്പുഴ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്ററി രംഗത്തെ അദ്ദേഹത്തിന്റെ കന്നിവിജയമായിരുന്നു അത്. അപ്പോള്‍ പ്രായം 43 കഴിഞ്ഞിരുന്നു. വിവാഹമേ വേണ്ടെന്ന് വച്ച് ജീവിച്ച വി.എസിന്റെ കടുംപിടിത്തം മാറ്റാനുള്ള കാരണം സഹപ്രവര്‍ത്തകനും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ആര്. സുഗതനുമായി ബന്ധപ്പെട്ടിരിക്കുന്നു.
അധ്യാപകന് കൂടിയായിരുന്ന ആര്. സുഗതന്റെ ജീവിതം പാര്‍ട്ടി പ്രവര്‍ത്തനത്തിനും പൊതു ജനസേവനത്തിനും വേണ്ടി മാത്രമായി നീക്കിവയ്ക്കപ്പെട്ടതായിരുന്നു. 1970ല്‍ 69-ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്. പാര്‍ട്ടി ഓഫീസില്‍ത്തന്നെ ദുരിതപൂര്‍ണമായ ജീവിതവുമായി മല്ലടിക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ കാണാന്‍ വി.എസ് എത്തി. മലമൂത്രവിസര്‍ജനത്തിനുപോലും പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായം തേടുന്ന സുഗതന് സാറിന്റെ ദയനീയത വി.എസിന്റെ ഉള്ളുലച്ചെന്നും പ്രായമായി ആരോഗ്യമെല്ലാം നശിക്കുന്ന സമയത്ത് തനിക്കും ഇത്തരമൊരവസ്ഥ നേരിടേണ്ടിവരുമല്ലോ എന്ന ചിന്തയാണ് വി.എസിനെ വിവാഹത്തിലേക്ക് എത്തിച്ചതെന്നും പറയുന്നു.
1967 ജൂലൈ 16 ഞായറാഴ്ച 44-ാം വയസിലായിരുന്നു വി.എസിന്റെ വിവാഹം. വധു ആലപ്പുഴ ജില്ലയിലെ കുത്തിയതോട് കോടംതുരുത്ത് കൊച്ചുതറയില്‍ കുഞ്ഞന്‍ -പാര്‍വതി ദമ്പതികളുടെ മകള്‍ കെ. വസുമതി. കുത്തിയതോട്-എരമല്ലൂര്‍ മേഖലയിലെ അക്കാലത്തെ പ്രധാന പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന ടി.കെ. രാമന് മുഖേനയാണ് വസുമതിയെ വി.എസ് വധുവായി തെരഞ്ഞെടുത്തത്.
വസുമതിയുടെ കുടുംബവുമായി ടി.കെ. രാമന് അടുപ്പമുണ്ടായിരുന്നു. പരമ്പരാഗതമായ പെണ്ണുകാണല്‍ ചടങ്ങൊന്നും ഉണ്ടായിരുന്നില്ല. അന്ന് സെക്കന്ദരാബാദ് ഗാന്ധി ആശുപത്രിയില്‍ ജനറല്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായിരുന്നു വസുമതി.
നാലുവര്‍ഷം നീളുന്ന പഠനത്തിനുശേഷം ഒരു വര്‍ഷം അവിടെത്തന്നെ നഴ്സായി ജോലി ചെയ്യണമെന്ന ബോണ്ട് വ്യവസ്ഥയുണ്ടായിരുന്നു. ബോണ്ടിന്റെ കാലാവധി തീരാന്‍ കഷ്ടിച്ച് ഒരു മാസമുള്ളപ്പോഴാണ് ഉടന്‍ വീട്ടിലെത്തണമെന്ന കമ്പി സന്ദേശം വസുമതിക്ക് ലഭിക്കുന്നത്. തന്റെ വിവാഹം വി. എസ്. അച്യുതാനന്ദന് എംഎല്‍എയുമായി നിശ്ചയിച്ചിരിക്കുന്നു എന്ന വാര്‍ത്തയായിരുന്നു ആ കമ്പിസന്ദേശത്തില്‍ മറഞ്ഞിരുന്നത്.
വിവാഹത്തിനുശേഷം നവദമ്പതികള്‍ക്കു താമസിക്കാനായി ആലപ്പുഴ പട്ടണത്തിനു സമീപം തന്നെ ഒരു ചെറിയ വീട് പാര്‍ട്ടി ഏര്‍പ്പാടാക്കി. അന്നൊരു രാത്രി വി.എസ് വസുമതിക്കൊപ്പം അവിടെ കഴിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും അവിടെ തങ്ങാനാവശ്യമായ വീട്ടുസാധനങ്ങളും പലചരക്കു സാധനങ്ങളുമൊക്കെ സംഘടിപ്പിക്കാന്‍ വീട്ടുകാരുടെ ശ്രമമുണ്ടായെങ്കിലും അതെല്ലാം വി.എസ് വിലക്കി. വിവാഹത്തിന്റെ പിറ്റേദിവസംതന്നെ ഭാര്യയെ കോടംതുരുത്തിലുള്ള അവരുടെ വീട്ടില്‍ കൊണ്ടുപോയി നിര്‍ത്തിയിട്ട് വി.എസ് തിരുവനന്തപുരത്തേക്ക് വണ്ടികയറി.
നിയമസഭാ സമ്മേളനം നടക്കുന്ന സമയമായിരുന്നു. വി.എസ്-വസുമതി ദമ്പതികൾക്ക് മകന് അരുണ്‍കുമാര്‍ പിറന്നതിനുശേഷമാണ് വി.എസിന് സ്വന്തമായി വീടുണ്ടാകുന്നത്. അതാണ് ഇപ്പോഴത്തെ വേലിക്കകത്ത് വീട്. അന്ന് ഈ വീടും പറമ്പും ജ്യേഷ്ഠസഹോദരന് ഗംഗാധരന്റെ ഭാര്യയുടെ പേരിലുള്ളതായിരുന്നു.
അത് വി.എസ് വിലകൊടുത്ത് വസുമതിയുടെ പേരില്‍ വാങ്ങുകയായിരുന്നു. ഓടിട്ട ചെറിയൊരു വീടും പുരയിടവും. ഈ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കേരളമാകെ വ്യാപിച്ചു തുടങ്ങിയിരുന്നു. കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയില്‍ ഇടയ്ക്ക് ഡല്‍ഹി യാത്രയും ഒഴിവാക്കാനാവാത്തതായിരുന്നു. അതോടെ കുടുംബഭാരം ഏറക്കുറെ പൂര്‍ണമായും വസുമതിയുടെ ചുമലിലായി. അവരത് വി.എസിന്റെ ജീവിതകാലം മുഴുവൻ നന്നായി നിര്‍വഹിക്കുകയും ചെയ്തു.