അശാസ്ത്രീയമായ ദേശീയപാതാ നിർമാണം; ഒരു പ്രദേശമാകെ വെള്ളക്കെട്ടിൽ
1578029
Wednesday, July 23, 2025 12:05 AM IST
അന്പലപ്പുഴ: അശാസ്ത്രീയമായ ദേശീയപാതാ നിർമാണത്താൽ ഒരു പ്രദേശമാകെ വെള്ളക്കെട്ടിൽ. പായൽക്കുളങ്ങര ക്ഷേത്രത്തിന് വടക്കു ഭാഗത്തുള്ള 40 വീടുകളാണ് കനത്ത മഴയിൽ മുങ്ങിയിരിക്കുന്നത്. പ്രളയകാലത്തു പോലും ഒരുതുള്ളി വെള്ളം കയറാതിരുന്ന ഈ പ്രദേശം ഇപ്പോൾ അധികൃതരുടെ അനാസ്ഥയെത്തുടർന്ന് കടലിന് സമാനമായിരിക്കുകയാണ്.
പായൽക്കുളങ്ങര ജംഗ്ഷനിലെ ദേശീയപാതാ നിർമാണത്തിലെ അശാസ്ത്രീയത മൂലമാണ് ഈ കുടുംബങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാതെ വന്നിരിക്കുന്നത്. നേരത്തെ മഴ വെള്ളം റോഡിന് കുറുകെയുള്ള ചാലിലൂടെ കിഴക്കു ഭാഗത്തുള്ള വെള്ളാഞ്ഞിലിത്തോട്ടിലേക്ക് ഒഴുകുമായിരുന്നു. ഇപ്പോൾ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഇത് അടഞ്ഞതോടെ മഴവെള്ളം കുത്തനെ റോഡിന് പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകുകയാണ്.
ഇതോടെ കഴിഞ്ഞ ഏതാനും ദിവസമായി തോരാതെ പെയ്ത മഴയിൽ പ്രദേശമാകെ പ്രളയത്തിന് തുല്യമായി. പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ ദുരിതമനുഭവിക്കുകയാണ് ഈ കുടുംബങ്ങൾ. മഴ മാറാതെ നിൽക്കുന്നതിനാൽ ഓരോ ദിവസം കഴിയും തോറും ജലനിരപ്പ് ഉയരുകയാണ്. സമീപത്തെ ഏതാനും വീട്ടുകാർ വാടകവീടുകളിലേക്കും മറ്റ് ബന്ധു വീടുകളിലേക്കും താമസം മാറിക്കഴിഞ്ഞു. അധികൃതരുടെ അനാസ്ഥമൂലം സംഭവിച്ച ഈ ദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.