സമരസഖാവിനെ അവസാനമായി കാണാൻ ശരത് ബാബുവും ഇന്ന് വേലിക്കകത്ത്
1578025
Wednesday, July 23, 2025 12:05 AM IST
അമ്പലപ്പുഴ: സമരസഖാവിനെ അവസാനമായി ഒരുനോക്കു കാണാൻ ശരത് ബാബുവും ഇന്ന് വേലിക്കകത്ത് വീട്ടിലെത്തും. തനിക്ക് അവാർഡ് നൽകിയ ആ കൈകളും മുഖവും ഒരു വട്ടംകൂടി കാണാൻ. അമ്പലപ്പുഴ കോമന വേലൻപറമ്പിൽ ബാബു-ലളിത ദമ്പതികളുടെ മകൻ ശരത് ബാബുവിന് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പഥക് അവാർഡ് റിപ്പബ്ലിക് ദിനത്തിൽ നൽകിയത് വി.എസ് ആയിരുന്നു. 2005 ഏപ്രിൽ 17 ശരത് ബാബുവിന് ഇന്നും മറക്കാൻ കഴിയില്ല.
പെരുമൺ എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായിരുന്ന ശരത് ബാബു കോളജിലേക്ക് ട്രെയിനിൽ പോകുമ്പോൾ കൊല്ലം റെയിൽവെ സ്റ്റേഷനിലായിരുന്നു സംഭവം. ഓടിത്തുടങ്ങിയ ട്രെയിനിൽനിന്നു വീണ രണ്ടുപേരെ ശരത് ബാബു ട്രെയിനിൽനിന്ന് ചാടിയിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. പ്ലാറ്റ് ഫോമിനും ട്രെയിനുമിടയിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയ ശരത് ബാബുവിനും പരിക്കേറ്റിരൂന്നു.
രണ്ടുപേരെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വന്ന ശരത് ബാബു പിന്നീട് ഡൽഹിയിൽ രാഷ്ട്രപതിയിൽനിന്ന് നാഷണൽ ബേവറി അവാർഡ് വാങ്ങിയിരുന്നു. രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പഥക് അവാർഡ് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസിൽനിന്നാണ് റിപ്പബ്ലിക് ദിനത്തിൽ ശരത് ബാബു വാങ്ങിയത്. തന്നെ അന്ന് ചേർത്തുപിടിച്ച വി.എസിനെ അവസാനമായി ഒരുനോക്കു കാണാൻ ഇന്ന് ശരത് ബാബുവും എത്തും.