വിപ്ലവസൂര്യൻ അസ്തമിക്കുമ്പോൾ...
1578037
Wednesday, July 23, 2025 12:05 AM IST
ആലപ്പുഴ: സമരജീവിതത്തിന്റെ പോരാട്ടങ്ങള്‍ തന്നെയായിരുന്ന യാത്രകള്‍. ആ യാത്രകൾക്ക് വിരാമമിട്ട് വി.എസ് ഇന്ന് സ്വന്തം മണ്ണിലേക്കു തിരിച്ചെത്തുന്നു അന്തിയുറങ്ങാൻ... നാലു വയസുകാരനായിരുന്നപ്പോള് അമ്മ വിടപറഞ്ഞ നാളില്‍ തുടങ്ങിയതാവും നൂറ്റാണ്ടോളം നീണ്ട ആ പോരാട്ടം. ഒടുവില്‍, കേരളം കണ്ട ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നില്‍ ചോരചിന്തി മരിച്ച സഖാക്കള്‍ക്കു നടുവിലാണ് ഒടുങ്ങാത്ത സ്മരണകള്‍ക്കു തുടക്കമിട്ട് ആ സൂര്യൻ അസ്തമിക്കുന്നത്.
രാഷ്ട്രീയ പോരാട്ടങ്ങളുടെ കടുപ്പമെല്ലാം മാറ്റിവച്ച് ഓണമുണ്ണാനെത്തിയിരുന്ന പറവൂര്‍ വേലിക്കകത്തു വീട്ടില്‍ വി.എസ് അവസാനമായെത്തും. അവിടെയാണ് പൊതുദര്‍ശനം. തുടര്‍ന്ന്, തൊഴിലാളിശക്തിയില്നിന്നു വി.എസ് പടുത്ത പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫിസില്‍. ബീച്ചിനു സമീപം റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സജ്ജമാക്കുന്ന വേദിയില്‍. തുടര്‍ന്ന് മൂന്നുവരെ ആലപ്പുഴയിലെ പൗരാവലിക്ക് പ്രിയപ്പെട്ട സഖാവിന് ആദരമര്‍പ്പിക്കാം. അവിടെനിന്ന് അന്ത്യയാത്ര.
എല്ലാ പോരാട്ടങ്ങളുടെയും അങ്കത്തട്ടായിരുന്ന ആലപ്പുഴയില്‍ ആ നീണ്ട യാത്ര അവസാനിക്കുകയാണ്. പുന്നപ്രയിലെ വെന്തലത്തറ വീട്ടില്‍നിന്നു പ്രൈമറി സ്കൂളിലേക്കു പോയ നാളുകളില്‍ത്തന്നെ വിവേചനങ്ങളോടു പടവെട്ടിയതാണു വിഎസ്. പാടത്തു വിയര്‍ത്തിട്ടു കൂലി ചോദിക്കാന്‍ പോലും ഭയന്ന കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ പോരാടാന്‍ പഠിപ്പിച്ചാണ് അദ്ദേഹം രാഷ്ട്രീയദൗത്യം തുടങ്ങിയത്. പുന്നപ്ര വയലാര്‍ പോരാട്ടത്തിനു സഖാക്കളെ സംഘടിപ്പിക്കുമ്പോഴാണ് അദ്ദേഹത്തിന് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം ഒളിവില്‍ പോകേണ്ടിവന്നത്.
ചില വലിയ തിരിച്ചടികള്‍ അദ്ദേഹം നേരിട്ടതും ആലപ്പുഴയില്‍ തന്നെയാണ്. മാരാരിക്കുളം നിയമസഭാ മണ്ഡലത്തില്‍ 1996ലെ പരാജയവും 2015ല്‍ ജന്മനാട്ടില് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍നിന്നു വിമര്‍ശനങ്ങളുടെ കൂരമ്പുകള്ക്കിടയിലൂടെയുള്ള ഇറങ്ങിപ്പോക്കും കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന സംഭവങ്ങളാണ്.
ഏതു പ്രതിസന്ധികള്‍ക്കിടയിലും അദ്ദേഹം മുടക്കാത്ത രണ്ട് ആലപ്പുഴപ്പതിവുകള് ഉണ്ടായിരുന്നു. പുന്നപ്ര വയലാര്‍ രക്തസാക്ഷി അനുസ്മരണവും വേലിക്കകത്തു വീട്ടിലെ ഓണസദ്യയും. രണ്ടും അവസാനം നടന്നതു 2019ലാണ്. ഓണത്തിനു വന്നു മടങ്ങിയ വി.എസ് ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ വാര്‍ഷികത്തിനും എത്തി.
അപ്പോഴേക്കും അദ്ദേഹം ക്ഷീണിതനായിരുന്നു. പിന്നെ ആലപ്പുഴ യാത്രകള്‍ നടന്നില്ല. ഇന്ന് അവസാന യാത്ര ചേതനയറ്റാണെങ്കിലും ജനങ്ങളുടെ മനസില്‍ ആ ചിത്രം സജീവമായിരിക്കും. മുട്ടുവരെ ജൂബ തെറുത്തുവച്ച് ഉയര്‍ത്തിപ്പിടിച്ച മുഷ്ടി, അനീതിയോടു വിട്ടുവീഴ്ചയില്ലായ്മയുടെ ഗൗരവമുള്ള മുഖം. ആരെക്കൊണ്ടും ഇങ്ക്വിലാബ് വിളിപ്പിക്കാന്‍ പോന്ന കാഴ്ച. വിപ്ലവതാഴ്വരയിൽ പറന്നുയർന്ന് വിഎസ് എന്ന വിപ്ലവസൂര്യൻ ആലപ്പുഴ ചുടുകാടിൽ അസ്തമിച്ച് ഇന്ന് അന്തിയുറങ്ങും.