അധ്യയനം മുടക്കി കാർത്തികപ്പള്ളി ഗവ. യുപി സ്കൂളിൽ പ്രതിഷേധം
1577794
Monday, July 21, 2025 11:22 PM IST
ഹരിപ്പാട്: ഞായറാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ മേൽക്കൂര തകർന്ന കാർത്തികപ്പള്ളി ഗവ. യുപി സ്കൂളിൽ തിങ്കളാഴ്ച നടന്ന പ്രതിഷേധം സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തെത്തുടർന്ന് സ്കൂളിലെ അധ്യയനം പൂർണമായും മുടങ്ങി. പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ജില്ലാ കളക്ടർ സ്കൂളിന് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നാശനഷ്ടങ്ങൾ,
കേസുകൾ
പ്രതിഷേധക്കാർ സ്കൂൾ ഗേറ്റിനും മറ്റ് സ്കൂൾ സാമഗ്രികൾക്കും കേടുപാടുകൾ വരുത്തി. പ്രഭാതഭക്ഷണം വച്ചിരുന്ന പാത്രങ്ങൾ, കസേരകൾ, വേസ്റ്റ് ബിൻ, ഫിൽട്ടർ, പൈപ്പ് എന്നിവ നശിപ്പിക്കുകയും ഏകദേശം 20,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തതായി ഹെഡ്മാസ്റ്റർ ബിജു പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 11 കെഎസ്യു പ്രവർത്തകർക്കെതിരേ കേസെടുത്തിട്ടുണ്ട്.
സംഘർഷത്തിലേക്ക്
നയിച്ച സംഭവങ്ങൾ
സ്കൂൾ കെട്ടിടത്തിന്റെ തകർച്ചയെച്ചൊല്ലി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്.
സിപിഎം പഞ്ചായത്തംഗം നിബു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെകസേരയെറിഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇതിന് മറുപടിയായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാത്രങ്ങളും കല്ലുകളും തിരിച്ചെറിഞ്ഞു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം സിപിഎം തടഞ്ഞതോടെ സംഘർഷം രൂക്ഷമായി. അധ്യയനം തടസപ്പെടുത്തുന്ന തരത്തിലായിരുന്നു സമരകോലാഹലം. ഇത് കണ്ട വിദ്യാർഥികളുമായി വന്ന രക്ഷിതാക്കൾ വിദ്യാർഥികളു മായി തിരികെ പോയി. പ്രതിഷേധക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സ്കൂൾ കോമ്പൗണ്ടിലെ പൈപ്പ് പൊട്ടുകയും ചെയ്തു.
മാധ്യമപ്രവർത്തകർക്കും പരിക്ക്
സംഘർഷത്തിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റു. മാതൃഭൂമി കാമറാമാൻ ബോണിയുടെ തലയ് ക്കാണു പരിക്കേറ്റത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അപകടാവസ്ഥയിലായിരുന്ന ക്ലാസ് മുറികൾ തകർന്ന കെട്ടിടത്തിൽ ക്ലാസുകൾ നടന്നിരുന്നതായി രക്ഷിതാക്കളും വിദ്യാർഥികളും പറഞ്ഞു.
ഇന്നലെ ഇവിടെ പുതിയതായി നിർമിച്ച 14 മുറികളുള്ള കെട്ടിടത്തിൽ കളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം ക്ലാസുകൾ ക്രമീകരിച്ചിരുന്നു.