വി.എസിന്റെ ഓർമകളിൽ തണ്ണീർമുക്കം
1578024
Wednesday, July 23, 2025 12:05 AM IST
മുഹമ്മ: പുന്നപ്ര - വയലാർ സമരകാലത്ത് വി.എസിന്റെ പ്രവർത്തന മേഖലകളിൽ തണ്ണീർമുക്കം, മുഹമ്മ പഞ്ചായത്തുകൾ ഉൾപ്പെട്ടിരിന്നു. തണ്ണീർമുക്കത്ത് ഒളിവിൽ പാർത്തുകൊണ്ടാണ് പ്രവർത്തനങ്ങൾ നടത്തിയത്. തണ്ണീർമുക്കത്തു നിന്നാണ് മൂന്നാറിലേക്കു പോയത്. പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും മുഖ്യമന്ത്രി ആയിരിക്കുമ്പോഴും വി.എസിന്റെ മനസിൽ ഈ പ്രദേശങ്ങളോടുള്ള താത്പര്യം ഉണ്ടായിരുന്നു.
വർഷങ്ങളായി കൃഷി മുടങ്ങി കിടന്നിരുന്ന തണ്ണീർമുക്കം കാക്കത്തു രുത്ത് പാടശേഖരത്തിൽ കൃഷി പുനരാംഭിച്ചത് വി.എസ് താത്പര്യമെടുത്തായിരുന്നു. കാർഷികോത്പന്ന കമ്മീഷണറുമൊത്ത് കാക്കത്തുരുത്തിൽ എത്തിയാണ് കൃഷിക്ക് വി.എസ് നേതൃത്വം നൽകിയതെന്ന് അന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.കെ. ചെല്ലപ്പൻ പറയുന്നു. തണ്ണീർമുക്കത്തെ പരിപാടികൾക്ക് വിളിച്ചപ്പോഴക്കെ വി.എസ് വന്നിട്ടുണ്ട്. പാർട്ടി പരിപാടികളിലും പ്രത്യേക താത്പര്യമെടുത്ത് എത്തിയിരിന്നു. പോയകാല സ്മരണകൾ പങ്കിട്ട് സിപിഎം അണികളിൽ ആവേശം വിതറിയാണ് വി.എസ്. മടങ്ങിയിരിന്നതെന്നു ചെല്ലപ്പൻ ഓർക്കുന്നു.