വിയോഗമറിയാതെ സഹോദരി ആഴിക്കുട്ടി
1577797
Monday, July 21, 2025 11:22 PM IST
അമ്പലപ്പുഴ: വി.എസിന്റെ ജന്മഗൃഹമായ വെന്തലത്തറയിലാണ് ഇളയസഹോദരി ആഴിക്കുട്ടി താമസിക്കുന്നത്. മകള്‍ സുശീലയും മരുമകന് പരമേശ്വരനും കൊച്ചുമകന് അഖില്‍ വിനായകനുമായിരുന്നു ഒപ്പം. പന്ത്രണ്ട് വര്‍ഷം മുമ്പ് മകള്‍ മരിച്ചതിനുശേഷം മരുമകനും കൊച്ചുമകനുമാണ് ആഴിക്കുട്ടിയുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. കഴിഞ്ഞ ഏഴു മാസമായി കിടപ്പിലാണ്. മരുമകനും സോഫ്റ്റ് വെയര്‍ എൻജിനിയറായ കൊച്ചുമകനുമാണ് എല്ലാ കാര്യങ്ങള്‍ക്കും തുണയായുള്ളത്.
മൂന്ന് സഹോദരന്മാര്ക്ക് ഏക സഹോദരി. സഹോദരന്മാരില് ഗംഗാധരനും പുരുഷനും മരിച്ചു. വിശേഷദിവസങ്ങളില്‍ വി.എസ് വെന്തലത്തറയില്‍ ആഴിക്കുട്ടിയെ കാണാതെ മടങ്ങാറില്ല. വേലിക്കകത്ത് വീട്ടില്‍നിന്നു രണ്ടു കിലോമീറ്ററോളം ദൂരത്തുള്ള വെന്തലത്തറയിലേക്കു നടന്നായിരുന്നു പോയിരുന്നത്.
ആഴിക്കുട്ടി കിടപ്പിലാകുന്നതിന് മുമ്പുവരെ വിഎസിനെക്കുറിച്ച് പറയുമായിരുന്നു. വി.എസിന്റെ കാര്യം ചോദിച്ചാല്‍ നൂറു നാവായിരുന്നു. പറഞ്ഞുതുടങ്ങിയാല്‍ പിന്നെ ആവേശമാണ്. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ദിവാനെതിരേ സമരം നയിച്ചതില്‍ ഒരു വര്‍ഷം വി.എസിനെ തടവിന് ശിക്ഷിച്ചു. എന്നാല്‍, അതിന് വിധേയനാകാതെ പൂഞ്ഞാറില്‍ കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തകനായി. ഇതിനിടെ ഒരു സന്ധ്യാനേരം എന്നെ കാണാന്‍ അണ്ണനെത്തി. വിവരമറിഞ്ഞ് പിന്നാലെ പോലീസും. വീടിന്റെ പിന്നിലൂടെ അണ്ണനെയും വള്ളത്തില്‍ കയറ്റി രക്ഷപ്പെടുത്തിയ കാര്യം ഓര്‍മയില്‍ സൂക്ഷിച്ചിരുന്നത് ആവേശത്തോടെയാണ് ആഴിക്കുട്ടി പറഞ്ഞിരുന്നത്.
പിന്നീട് പോലീസിന്റെ പിടിയിലായി കൊടിയമര്‍ദനം ഏറ്റെങ്കിലും ഒപ്പമുള്ളവരെക്കുറിച്ച് ഒരക്ഷരം പോലും അണ്ണന് പറഞ്ഞില്ല. രണ്ടു വര്‍ഷത്തിനു ശേഷം പോലീസിന്റെ മര്‍ദനത്തിലെ മുറിപ്പാടുകളുമായി വീട്ടിലെത്തിയ അണ്ണനോട് ഇത് മതിയാക്കിക്കൂടെ എന്ന ചോദ്യത്തിന് മറുപടി നല്‍കിയത് നിനക്ക് വേറെയും രണ്ട് അണ്ണന്മാരുണ്ടല്ലോ എന്നായിരുന്നു. തിരുവനന്തപുരത്ത് സ്ഥിരതാമസമായശേഷം ഇടയ്ക്ക് വിളിക്കുമായിരുന്നു. വിളിക്കാതായപ്പോള്‍ വിഷമമായിരുന്നു. പിന്നീടാണ് അറിയുന്നത് കിടപ്പിലാണെന്ന്. ഒന്ന് കാണെണമെന്ന ആഗ്രഹം പലപ്പോഴും പറയുമായിരുന്നു.