ജില്ലാക്കോടതി പാലം: സമീപ ഇടവഴികൾ അടക്കം സഞ്ചാരയോഗ്യമാക്കണം
1578031
Wednesday, July 23, 2025 12:05 AM IST
ആലപ്പുഴ: നിലവിലുള്ള ജില്ലാ ക്കോടതി പാലം പുനർനിർമിക്കുന്നതിനായി പൊളിക്കുന്നതിനു മുൻപുതന്നെ വാഹനഗതാഗതം തിരിച്ചുവിടുന്നതിന്റെ ഭാഗമായി സമീപ ഇടവഴികൾ അടക്കമുള്ള തകർന്ന റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തിയും വൃക്ഷ ശിഖരങ്ങൾ വെട്ടിനീക്കിയും സഞ്ചാരം സുഗമമാക്കണം.
മാസങ്ങൾക്കു മുൻപേ അധികൃതർക്ക് നിവേദനം നൽകിയിട്ടും നടപടി സ്വീകരിക്കാത്തത് ഖേദകരമാണെന്ന് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ (ടിആർഎ) ചൂണ്ടിക്കാട്ടി. എല്ലാ സമീപ വഴികളിലും തിരക്ക് ക്രമാതീതമായി ഉയരുമെന്നുള്ളത് സ്പഷ്ടമാണെങ്കിലും നിസംഗതയാണ് അധികാരികളെ നയിക്കുന്നത്.
പാലം പൊളിക്കൽ തീയതി മാറ്റിവച്ചുകൊണ്ടിരുന്നിട്ടും ഇതുവരെ മുന്നൊരുക്കങ്ങളില്ല. യാത്രക്കാർ ഇനി കൂടുതലായി ഉപയോഗിക്കേണ്ടിവരുന്നതും വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഒരുമിച്ച് പോകാൻതക്ക ഇടമില്ലാത്തതുമായ ഇടവഴികൾ പൊട്ടിപ്പൊളിഞ്ഞും കുണ്ടുംകുഴിയുമായി കിടക്കുന്നു.
ഗതാഗതം ആകെ ക്ലേശകരമാണെന്ന് ടിആർഎ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ എടുത്തുകാട്ടി. ഇപ്പോൾ തന്നെ അപകടങ്ങൾക്ക് സാധ്യതയേറി.
വർഷങ്ങൾ നീണ്ടേക്കാവുന്ന സ്ഥിരം ഗതാഗതക്കുരുക്കുകൾ മുൻകൂട്ടി ഒഴിവാക്കാൻ ഏർപ്പാടുകൾ സ്വീകരിക്കാത്തത് ജനാധിപത്യവിരുദ്ധമാണ്. അതിനായി സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും റോഡിലുള്ള പാർക്കിംഗ് നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്. ട്രാഫിക് പോലീസിന്റെ കൃത്യമായ ഗതാഗതനിയന്ത്രണത്തോടൊപ്പം പെറ്റികേസ് വേട്ട കഴിവതും ഒഴിവാക്കണം.
അനധികൃത വഴി വാണിഭവും മാർഗതടസം സൃഷ്ടിക്കുന്ന ഏച്ചുകെട്ടലുകളും തൂണുകളും മറ്റും നിശ്ചയമായും നീക്കം ചെയ്യണം.
ജില്ലാക്കോടതി - കിടങ്ങാംപറമ്പ് - കോർത്തശേരി - ഫിനിഷിംഗ് പോയിന്റ് റോഡിന്റെയും അതിലേക്ക് എത്തിച്ചേരുന്ന കിടങ്ങാംപറമ്പ് - ബോട്ട് ജെട്ടി ഇടറോഡ് അടക്കമുള്ള വഴികളിലെയും വിവിധ തടസങ്ങളാണ് ഉടനടി ഒഴിവാക്കേണ്ടതെന്ന് ടിആർഎ സൂചിപ്പിച്ചു. അടിയന്തരമായി ടാറിംഗ് നടത്തുകയും തടസമായ മരച്ചില്ലകൾ ഒഴിവാക്കുകയും വേണം.